ഏഷ്യാ കപ്പ്; ബംഗ്ലാ കടുവകളെ കറക്കിയെറിഞ്ഞ് ഇന്ത്യൻ പട..

ഏഷ്യാ കപ്പിൽ ഏഴാം കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൂരം കുറച്ച് ക്രിക്കറ്റ് ടീം. മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സില്‍ ഓള്‍ ഔട്ടായതോടെ വിജയത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം കുറയുകയായിരുന്നു. . ഓപണര്‍ ലിറ്റണ്‍ ദാസിന്‍റെ(117 പന്തില്‍ 121) അതിവേഗ സെഞ്ചുറി മികച്ച ടീം സ്‌കോറാക്കുന്നതിലായിരുന്നു ബംഗ്ലാ ബാറ്റ്സ്മാന്മാര്‍ക്ക് വീഴ്ചപറ്റിയത്. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ ജാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയത് കളിയിൽ ആവേശം പകർന്നു..

ടോസ് നേടി എതിരാളികളെ ബാറ്റിംങിനയച്ച രോഹിത് ശര്‍മ്മയുടെ നെഞ്ചിടിപ്പേറ്റിയ പ്രകടനമാണ് ബംഗ്ലാദേശിന്‍റെ ഓപണര്‍മാര്‍ നടത്തിയത്. തുടക്കം മുതല്‍ ഓവറില്‍ ശരാശരി ആറു റണ്‍സ് വെച്ച് നേടിയ ബംഗാദേശ് ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ പേസര്‍മാരെ വിജയകരമായാണ് നേരിട്ടത്. സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസായിരുന്നു കൂടുതല്‍ ആക്രമണകാരി. ആദ്യവിക്കറ്റില്‍ ബംഗ്ലാദേശി 120 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒടുവില്‍ 21ആം ഓവറില്‍ കേദാര്‍ ജാദവാണ് ഓപണിംങ് സഖ്യത്തെ പിരിച്ചത്.

പിന്നീട് മനോഹരമായ സ്പിന്‍ ബൗളിംങിലൂടെയും ഫീല്‍ഡിംങിലൂടെയും ഇന്ത്യ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചു നിന്ന ലിറ്റണ്‍ ദാസ് ധോണിയുടെ മനോഹരമായ സ്റ്റംമ്പിംങിലൂടെ കുല്‍ദീപ് യാദവാണ് മടക്കിയത്. 117 പന്തില്‍ 12 ഫോറും 2 സിക്‌സറും ലിറ്റണ്‍ ദാസ് നേടിയിരുന്നു.