ഏഷ്യ കപ്പ്; കളത്തിലിറങ്ങാനൊരുങ്ങി ഇന്ത്യന്‍ ടീം..

September 18, 2018

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരവുമായി ഇന്ന്  ഇന്ത്യന്‍ ടീം കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള അങ്കത്തിന് മുമ്പ് കുഞ്ഞന്മാര്‍ക്കെതിരെ കരുത്ത് കാട്ടാൻ ഇന്ത്യയ്ക്ക് ലഭിക്കുന്ന അവസരമാണ് ഇന്ന് ലഭിക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ നേരത്തെ ദുബായിൽ എത്തിയിരുന്നു.16 അംഗ ടീമാണ് ദുബായിൽ എത്തിയത്. രോഹിത് ശര്‍മ്മയാണ് ടീം നായകന്‍. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്നാണ് രോഹിത് ശർമ്മ ടീമിനെ  നയിക്കുന്നത്.

ബാറ്റിങില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മനീഷ് പാണ്ഡെയും അമ്പാട്ടി റയാഡുവും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അടുത്ത കാലത്ത് പാണ്ഡെ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 2017 ഡിസംബറിനു ശേഷം താരം വീണ്ടും ഏകദിന ടീമില്‍ ഇടം പിടിച്ചതും ഇതുകൊണ്ടുതന്നെ. ചതുര്‍രാഷ്ട്ര പരമ്പരയില്‍ അടുത്തിടെ മിന്നും പ്രകടനമാണ് പാണ്ഡെ കാഴ്ചവെച്ചത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 306 റണ്‍സ് നേടിയിരുന്നു. എംഎസ് ധോണിയും ദിനേഷ് കാര്‍ത്തികുമാണ് ഏഷ്യാ കപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

ഏഷ്യാ കപ്പ് ടീമിലെ അംഗങ്ങള്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.