യുവതാരങ്ങളെ ധോണി പാട്ടിലാക്കിയതെങ്ങനെ? വെളിപ്പെടുത്തലുമായി ബെയ്‌ലി, വീഡിയോ കാണാം

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിലെ ധോണിയുടെ മാന്ത്രിക വിദ്യകൾ എന്നും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകാറുള്ളതാണ്. എന്നാൽ യുവതാരങ്ങളെ ധോണി പാട്ടിലാക്കുന്നതിനു  പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ജോർജ് ബെയ്‌ലി.

ടീമിലേക്ക് അരങ്ങേറ്റം കുറിക്കുന്ന താരങ്ങൾക്ക് പലപ്പോഴും ആശങ്കയും പേടിയും ഉണ്ടാകാറുണ്ട്. സീനിയർ താരങ്ങളോടൊപ്പം ചേരാനും അവരോട് സംസാരിക്കാനും ടീമിലേക് വരുന്ന പുതിയ താരങ്ങൾക്ക് പേടിയുണ്ടാകുമ്പോൾ വളരെ സിമ്പിളായി അവരെ ടീമിന്റെ ഭാഗമാക്കി മാറ്റാനുള്ള ധോണിയുടെ കഴിവാണ് ഇവിടെ ബെയ്‌ലി വെളിപ്പെടുത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വളരെ കൂളായി ഡീൽ ചെയ്യുന്ന ക്യാപ്റ്റൻ കൂളിനെക്കുറിച്ച് പറയുകയാണ് ബെയ്‌ലി.

ധോണിയുടെ മുറിയിൽ ഒരു ഹുക്ക വെച്ചിരുന്നു. ആർക്കു വേണമെങ്കിലും ഏത് സമയത്ത് വേണമെങ്കിലും ഈ റൂമിലേക്ക് കയറാനും ഹുക്ക വലിക്കുന്നതിനുമുള്ള അനുവാദം ഉണ്ടായിരുന്നു. യുവതാരങ്ങളെല്ലാം ഈ റൂമിലേക്ക് കയറുകയും ഹുക്ക വലിക്കുകയും ചെയ്തിരുന്നു. തുടർന്ന് കളിയെക്കുറിച്ചും മറ്റുകാര്യങ്ങളെക്കുറിച്ചും  സംസാരിക്കും. ഇത്തരത്തിലുള്ള സൗഹൃദ സംഭാഷണത്തിലൂടെ രാത്രി കാലങ്ങളിൽ നീളുന്ന ചർച്ചകൾ പുതിയ കളിക്കാർക്ക് ഉണ്ടാവുന്ന എല്ലാ ഭയവും ആശങ്കയും ഇല്ലാതാക്കുമെന്നും ബെയ്‌ലി പറഞ്ഞു.

ഇന്ത്യയെ ഇരുന്നൂറ് ഏകദിനങ്ങളിൽ നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ധോണി പിന്നിട്ടതിന്റെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തയാറാക്കിയ പ്രത്യേക വീഡിയോയിലാണ് ബെയ്‌ലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.