ക്രിക്കറ്റ് കളിക്കിടെ ബാറ്റ് കൈയില്‍ നിന്ന് പോയാല്‍…! വൈറല്‍ വീഡിയോ കാണാം

September 5, 2018

ക്രിക്കറ്റ് കളിക്കിടയില്‍ പറ്റുന്ന അബദ്ധങ്ങള്‍ നിരവധിയാണ്. ഇത്തരം അബദ്ധങ്ങള്‍ പലപ്പോഴും കാണികള്‍ക്ക് ചിരിയും സമ്മാനിക്കും. ക്രിക്കറ്റ് കളിക്കിടെ സംഭവിച്ച ഒരു അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാണികളില്‍ ചിരി പടര്‍ത്തിയ ഈ സംഭവം അരങ്ങേറിയത് ഓസ്‌ട്രേലിയയിലാണ്.

കളി നല്ല രീതിയില്‍ പുരോഗമിക്കുന്നു. പെട്ടെന്ന് ബാറ്റ്‌സ്മാന്‍ പുറത്താകുന്നു; അതും തികച്ചും അവിശ്വസനീയമായ രീതിയില്‍. ബാറ്റ്‌സ്മാനായ ജെയ്ക്ക് വെതറാള്‍ഡ് ആണ് ഈ കളിയിലെ താരം. ഹിറ്റ് വിക്കറ്റായ ശേഷം താന്‍ പുറത്തായത് വിശ്വസിക്കാനാകാതെ ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന മട്ടില്‍ നില്‍ക്കുന്ന ജെയ്ക്കിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.

എന്‍.പി.എസും വിക്ടോറിയയും തമ്മില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഈ രസികന്‍ സംഭവം അരങ്ങേറിയത്. പ്രണ്ട് ഫൂട്ടില്‍ മിഡ് വിക്കറ്റിലേക്ക് ഒരു ഷോട്ടായിരുന്നു ജെയ്ക്ക് ഉദ്ദേശിച്ചത്. എന്നാല്‍ ജെയ്ക്കിന്റെ ബാറ്റില്‍ തട്ടിയ പന്ത് പാഡില്‍ പതിച്ചു. പെട്ടെന്നു തന്നെ ജെയ്ക്കിന്റെ കൈയില്‍ നിന്നും ബാറ്റും പോയി.

ക്രിക്കറ്റ് കളിയില്‍ ഹിറ്റ് വിക്കറ്റുകള്‍ സര്‍വ്വസാധാരണമാണ്. പലപ്പോഴും ബാറ്റും കാലും വിക്കറ്റില്‍ തട്ടി ബാറ്റ്‌സ്മാന്‍മാര്‍ പുറത്താകാറുണ്ട്. എന്നാല്‍ ജെയ്ക്കിന് പറ്റിയ അബദ്ധം കുറച്ച് കൂടിപ്പോയി. എന്തായാലും സംഗതി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.