തെരുവിൽ അലയുന്നവർക്ക് സ്നേഹത്തിന്റെ മരുന്ന് നൽകി ഒരു ഡോക്ടർ…

September 10, 2018

പൂനെ നഗരത്തിലെ തെരുവുകളിൽ ചെന്നാൽ കഴുത്തിൽ ഒരു സ്തെതസ്കോപ്പുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരാളെ കാണാം..അത് മറ്റാരുമല്ല അഭിജിത് സോനാവെയ്ൻ എന്ന ഡോക്‌ടറാണ്.  ദിവസവും തന്റെ ആശുപത്രിയിലെ ജോലി പൂർത്തിയാക്കി കഴിഞ്ഞാൽ അഭിജിത്ത് പിന്നെ ഇറങ്ങുന്നത് തെരുവുകളിലേക്കാണ്. ആരോരുമില്ലാതെ ഒറ്റപ്പെട്ടും അലഞ്ഞു തിരിഞ്ഞും നടക്കുന്ന ഭിക്ഷാടകരെയും പാവപ്പെട്ടവരെയും അന്വേഷിച്ചുള്ള നടപ്പാണ് അഭിജിത്തിന്റേത്..

തെരുവോരത്തും പള്ളികളുടെയും അമ്പലങ്ങളുടെയും സൈഡുകളിലുമായി കഴിയുന്ന ആളുകൾക്കിടയിലേക്കാണ് അഭിജിത്ത് എത്തുക. ദിവസവും 60 -70 രോഗികളെ വരെ ചികിത്സിക്കുന്ന  ഈ ഡോക്ടർ കുറഞ്ഞത് 30 രോഗികളെയെങ്കിലും എല്ലാ ദിവസവും സൗജന്യമായി ചികിത്സിക്കും. രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും നൽകുന്ന ഈ ഡോക്ടർ ആരുമില്ലാതെ തെരുവുകളിൽ അലയുന്നവർക്ക് വേണ്ടി സമ്പത്തീകമായും സഹായങ്ങൾ നൽകാറുണ്ട്.

1999 ൽ ഡോക്ടറേറ്റ്‌ നേടിയ അഭിജിത്ത് അന്നുമുതൽ എല്ലാ ദിവസവും പാവപ്പെട്ടവർക്കും ആരുമില്ലാത്തവർ ക്കുമായി നിരവധി ആളുകൾക്കാണ് സഹായങ്ങൾ എത്തിച്ച് നൽകുന്നത്. തെരുവോരങ്ങളിൽ ഭിക്ഷാടനവും മറ്റും നടത്തുന്നവർക്ക് ഭിക്ഷ എടുക്കാതെ ചെറിയ രീതിയിലുള്ള ബിസിനസ് നടത്തുന്നതിനുള്ള സഹായങ്ങളും ഈ ഡോക്ടർ ചെയ്തു നൽകാറുണ്ട്. ലോകത്തിന് മുഴുവൻ മാതൃകയായ ഈ ഡോക്ടർ ഒരുപാട് കഷ്ടപ്പാടിലൂടെ ജീവിച്ച തന്നെ ഈ രീതിയിൽ എത്താൻ സഹായിച്ച നിരവധി ആളുകളോടുള്ള നന്ദിയുടെ സൂചനയായാണ് ഇത്തരത്തിൽ മറ്റുള്ളവർക്ക് സഹായം നൽകുന്നത്.