‘ക്ളീനറിൽ നിന്നും പൈലറ്റിലേക്കുള്ള സ്വപ്നവിമാനം പറത്തിയ അബൂബക്കർ’; ഇത് 24 വർഷങ്ങളുടെ കഠിനാദ്ധ്വാനം!
നൈജീരിയയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് മുഹമ്മദ് അബൂബക്കർ ജനിച്ചത്. പൈലറ്റ് ആകണമെന്ന സ്വപ്നം ചെറുപ്പം മുതൽ അയാൾക്കൊപ്പമുണ്ടായിരുന്നു. പക്ഷേ അത് നേടിയെടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നും പൈലറ്റിലേക്കുള്ള പരിവേഷത്തിനെടുത്ത കാലമെടുത്ത സമയം 24 കൊല്ലമായിരുന്നു. (Airplane Cleaner Becomes Pilot After 24 Years)
കൃത്യ സമയത്ത് അപ്ലിക്കേഷൻ അയക്കാത്തതിനാൽ ആഗ്രഹിച്ച സ്ഥാപനത്തിൽ അബൂബക്കറിന് ജോലിയിൽ പ്രവേശിക്കാനായില്ല. അധികകാലം ജോലിയില്ലാതെ നിൽക്കാൻ കഴിയാത്തതിനാൽ അയാൾ കാബോ എയറിൽ എയർക്രാഫ്റ്റ് ക്ലീനറുടെ ജോലിക്ക് പ്രവേശിച്ചു.
അബൂബക്കറിന്റെ ശമ്പളം വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ, അദ്ദേഹം അധികകാലം ആ ജോലിയിൽ തുടരുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷെ, അയാൾ മടുപ്പില്ലാതെ ജോലി ചെയ്യുകയും താമസിയാതെ തന്നെ മൈദുഗുരിയിലെ എയർലൈനിൽ ഗ്രൗണ്ട് സ്റ്റാഫായി നിയമിക്കപ്പെടുകയും ചെയ്തു.
അവിടെ ജോലിയിലായിരുന്ന കാലയളവിൽ അദ്ദേഹം മിക്കവാറും എല്ലാ സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. താൻ അച്ചടക്കമുള്ള, കാര്യക്ഷമതയുള്ള ഒരു വ്യക്തിയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ചു. വ്യോമയാന മേഖലയെ കുറിച്ച് കൂടുതൽ അറിവും അനുഭവവും ആ കമ്പനിയിൽ ജോലി ചെയ്യുന്നതിടയിലാണ് നേടിയെടുത്തതെന്നും അദ്ദേഹം പറയുന്നു.
അടുത്തതായി, കാബോ എയറിൽ ക്രൂ അംഗമായി ജോലിക്ക് അപേക്ഷിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇന്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആ ജോലിയും അദ്ദേഹത്തിന് സ്വന്തമായി.
8 വർഷത്തോളം അയാൾ ആ ജോലിയിൽ തുടർന്നു. ഇതിനുശേഷം, അദ്ദേഹം എയ്‌റോ കോൺട്രാക്‌റ്റേഴ്‌സിൽ ഫ്ലൈറ്റ് അറ്റൻഡൻ്റായി മാറി.
Read also: രാജ്യത്തെ അന്ധനായ ആദ്യ സിഎക്കാരൻ; രാജശേഖർ റെഡ്ഢി സൂപ്പറാണ്!
അദ്ദേഹത്തിന്റെ ഉറപ്പുള്ള മനസ്സും മുൻകാല അനുഭവങ്ങളും അനുഗ്രഹമായി മാറിയത് അവിടെയാണ്. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ അബൂബക്കറിന് ശമ്പളക്കയറ്റമുണ്ടായി.
യാതൊരു കരുതലുമില്ലാതെ തൻ്റെ ശമ്പളം ചെലവഴിക്കുന്നതിനുപകരം അവ സ്വരൂപിക്കാൻ അബൂബക്കർ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടറുടെ അടുത്ത് ചെന്ന് പൈലറ്റ് ആകാനുള്ള തൻ്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുപ്പോൾ പൂർണ പിന്തുണയാണ് അബുവിന് ലഭിച്ചത്.
വൈകാതെ, പ്രൈവറ്റ് പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിനായി അയാൾ കാനഡയിൽ പോയി. അതിനുള്ള പണം നൽകാനുള്ള സ്ഥിതിയും അന്ന് അയാൾക്കുണ്ടായിരുന്നു. എന്നാൽ നൈജീരിയയിൽ തിരിച്ചെത്തിയപ്പോൾ തനിക്ക് കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ആവശ്യമാണെന്നും എന്നാൽ ഇത്തവണ വേണ്ടത്ര പണമില്ലെന്നും അയാൾ തിരിച്ചറിഞ്ഞു.
പക്ഷെ അവിടെയും അബൂബക്കർ തകർന്നില്ല. അദ്ദേഹം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹത്തിൻ്റെ വിശ്വസ്തത കാരണം കമ്പനി അബുവിനെ സഹായിക്കാമെന്നേറ്റു. ലൈസൻസിനായി അവർ അവനെ കാനഡയിലേക്ക് തിരിച്ചയക്കുകയും പരിശീലനത്തിനുള്ള തുക കമ്പനി സ്പോൺസർ ചെയ്യുകയും ചെയ്തു.
എയ്‌റോ കോൺട്രാക്‌റ്റേഴ്‌സിൽ എട്ട് വർഷം നീണ്ട കഠിനാദ്ധ്വാനത്തിനൊടുവിൽ, അബൂബക്കറിന് അസ്മാൻ എയറിൽ ക്യാപ്റ്റനായി ജോലി ലഭിച്ചു. 24 വർഷങ്ങൾക്ക് ശേഷം അയാൾ കണ്ടുവളർന്ന സ്വപ്നം അന്ന് യാഥാർഥ്യമായി.
അബൂബക്കറിന്റെ യാത്ര എളുപ്പമായിരുന്നില്ല. എന്നാൽ അയാളുടെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കാൻ അയാൾക്ക് കൂട്ടായി. കഠിനാധ്വാനം ചെയ്യുകയും ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം നേടാനാകുമെന്നതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഈ കഥ. 24 വർഷത്തെ നിരന്തര പ്രയത്നത്തിനൊടുവിലാണ് പൈലറ്റ് ആകുക എന്ന തൻ്റെ സ്വപ്നത്തിലേക്ക് അയാൾ പറന്നിറങ്ങിയത്.
Story highlights: Airplane Cleaner Becomes Pilot After 24 Years