രാജ്യത്തെ അന്ധനായ ആദ്യ സിഎക്കാരൻ; രാജശേഖർ റെഡ്ഢി സൂപ്പറാണ്!

April 26, 2024

പതിനൊന്നാം വയസിൽ ഉണ്ടായ ബ്രെയിൻ ട്യൂമർ മൂലം ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ രാജശേഖരന് പൂർണ്ണമായി കാഴ്ച നഷ്ടപ്പെട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ആ ബാലന്റെ സ്വപ്നങ്ങൾക്ക് മേൽ ഇരുട്ട് മൂടിയതോടെ അവൻ കടുത്ത നിരാശയിലേക്ക് വീണു. എന്നാൽ അവിടെ അവന് രക്ഷയായി വന്നത് മുത്തശ്ശിയായിരുന്നു. (Story of India’s First Blind CA)

മുത്തശ്ശി അവനെ ഹൈദരാബാദിലെ ദേവനാർ അന്ധവിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അവൻ പഠനം തുടർന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കരിയർ കൗൺസലറുമായുള്ള സംഭാഷണത്തിനിടയിലാണ് അവൻ തൻ്റെ ഭാവി എവിടെ എന്ന് തിരിച്ചറിയുന്നത്. സിപിഎയ്ക്ക് തുല്യമായ സിഎ-യ്ക്ക് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. നമ്മുടെ രാജ്യത്ത്, പഠിക്കാൻ ഏറ്റവും കടുപ്പമേറിയതും എന്നാൽ ഏറെ ബഹുമാനിക്കപ്പെടുന്നതുമായ യോഗ്യതകളിലൊന്നാണിത്.

Read also: അന്ധനായി ജനനം; ഇന്ന് ഏവരെയും അമ്പരപ്പിക്കുന്ന ബ്ലൈൻഡ് ഫോട്ടോഗ്രാഫർ!

അന്ധത ഒരു ഒഴികഴിവായി മാറാൻ അദ്ദേഹം അനുവദിച്ചില്ല. പകരം, തൻ്റെ സ്വപ്നത്തെ പിന്തുടരണമെന്ന് അയാൾ ദൃഢനിശ്ചയം ചെയ്തു. അവൻ ധീരനും, ദൃഢനിശ്ചയമുള്ളവനും, ശ്രദ്ധാലുവുമായിരുന്നു. അന്ധനായത് കൊണ്ടുമാത്രം പലതും നേടാൻ കഴിയില്ലെന്ന് അയാൾ ഒരിക്കലും പരാതിപ്പെട്ടില്ല. അമ്മയുൾപ്പെടെ പലരും ഇത് നേടാൻ കഴിയില്ലെന്ന് പറയുമ്പോഴും ഒരിക്കലും പിന്നോട്ട് പോകാൻ അയാൾ തയ്യാറായിരുന്നില്ല.

പഠനോപകരണങ്ങളുടെ അഭാവം കാഴ്ചാ പരിമിതിയുള്ള ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ തയ്യാറെടുപ്പുകൾ ഏറെ ബുദ്ധിമുട്ടുള്ളതാക്കും. എന്നാൽ രാജശേഖറിൻ്റെ അധ്യാപകരും നിരവധി സന്നദ്ധപ്രവർത്തകരും പുസ്തകങ്ങൾ സ്കാനറുകൾ വഴി ഓഡിയോ ഫോർമാറ്റിലേക്ക് പകർത്തി അദ്ദേഹത്തെ പഠനത്തിൽ സഹായിച്ചു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ റെക്കോർഡ് ചെയ്യുകയും വീട്ടിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം അവ കേട്ട് പഠിക്കുകയും ചെയ്യുമായിരുന്നു

2013-ൽ സിഎ പരീക്ഷ പാസായി ബിരുദം നേടിയപ്പോൾ നാലര വർഷം നീണ്ട അയാളുടെ കഠിനപ്രയത്നത്തിന് കൂടെയാണ് മറുപടി ലഭിച്ചത്.

പരിമിതികൾ ഒരിക്കലും സ്വപ്നങ്ങളെ പിന്തുടരാതിരിക്കാനുള്ള കാരണങ്ങളല്ലെന്ന് രാജശേഖർ തെളിയിക്കുന്നു. അദ്ദേഹത്തിന് പരാതികളൊന്നുമില്ല. ഒരു സാഹചര്യത്തെയും മനുഷ്യനെയും അന്ധതയെയും അയാൾ കുറ്റപ്പെടുത്തിയില്ല.തൻ്റെ സ്വപ്നത്തെ ആവേശത്തോടെ പിന്തുടരുക മാത്രമാണ് അയാൾ ചെയ്തത്.

Story highlights: Story of India’s First Blind CA