15-ാം വയസിൽ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു; ഇന്ന് കോടികൾ ആസ്തിയുള്ള ബിസിനസുകാരി!

April 26, 2024

കുട്ടിക്കാലത്ത് ‘നീയൊന്നും ഒരിക്കലും നന്നാവില്ലെടാ’ എന്ന ടീച്ചർമാരുടെ മുദ്രാവാക്യം മുഴങ്ങി കേൾക്കാത്ത ഒരു ക്ലാസ്‌മുറി പോലുമുണ്ടാകില്ല. എന്നാൽ കാലവും കാലാവസ്ഥയും മാറി നമ്മളൊക്കെ യാത ചെയ്ത് കുറെ ദൂരം എത്തിക്കഴിയുമ്പോൾ തിരിച്ചറിയും അന്ന് വഴക്ക് കേട്ടവർ പലരും ഇന്ന് പഠിപ്പിസ്റ്റുകളെക്കാൾ മികച്ച സ്ഥിതിയിലാണെന്ന്. ഇതുതന്നെയാണ് മെലിസ ലൂയിസ് എന്ന പെൺകുട്ടിക്കും സംഭവിച്ചത്. ചുരുങ്ങിയ കാലയളവിൽ മെലിസ സ്വന്തമാക്കിയ നേട്ടങ്ങൾ അസൂയ ജനിപ്പിക്കുന്നവയാണ്. (Woman Expelled from School at 15 is a Millionaire Today)

ഇംഗ്ലണ്ടുകാരിയായ മെലിസ 12-ാം വയസിൽ പുകവലി ആരംഭിച്ചു. ക്ലാസ് കട്ട് ചെയ്ത് പുറത്തു പോകുന്നതും പുകവലിയും സ്ഥിരമായപ്പോൾ മെലിസയെ അധികൃതർ സ്‌കൂളിൽ നിന്നും പുറത്താക്കി. അന്നത്തെ 15-കാരിക്ക് ഇനിയെന്ത് എന്നതിന് ഉത്തരമില്ലായിരുന്നു. ആ പ്രായത്തിൽ ഏതൊരു കുട്ടിയും ചെയ്യുന്ന പോലെ മാതാപിതാകകളുടെ ശകാരങ്ങൾ ഭയന്ന് അവൾ വീട്ടിലേക്ക് നടന്നു.

മെലിസയുടെ പ്രവർത്തികളിൽ നിരാശരായ മാതാപിതാക്കൾ ഇനി പഠിത്തം തുടരുന്നതിൽ അർത്ഥമില്ലെന്നും ഉടനെ തന്നെ ജോലി കണ്ടുപിടിക്കണമെന്നും അവളോട് ആവശ്യപ്പെട്ടു. അവരുടെ നിർദ്ദേശം അനുസരിച്ച് അവൾ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ അപ്രൻ്റീസായി ജോലിയാരംഭിച്ചു.

Read also: മെറ്റയും ട്രൂകോളറും കടന്ന് പ്രഗ്യ മിശ്ര; ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി

രണ്ട് മാസത്തോളം അവിടെ ജോലി ചെയ്ത അവളെ ഒടുവിൽ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിന് പുറത്താക്കുകയായിരുന്നു. അടുത്തതായി അവൾ ഒരു എച്ച്ആർ അഡ്മിനിസ്ട്രേറ്ററായി ജോലിയിൽ പ്രവേശിച്ചു. കോളേജ് പഠനത്തോടൊപ്പം ആ ജോലിയും കൈകാര്യം ചെയ്യാൻ അവൾക്ക് സാധിച്ചു. കോളേജിലും യൂണിവേഴ്സിറ്റിയിലും ചേർന്ന് അവൾ എച്ച്ആർ മാനേജ്മെൻ്റ് പഠിച്ചു.

നന്നായി കഠിനാദ്ധ്വാനം ചെയ്ത മെലിസ വെറും 17-ാം വയസ്സിൽ ഒരു ഫോർഡ് കെഎ കാർ സ്വന്തമാക്കി മാതാപിതാക്കളെ അത്ഭുതപ്പെടുത്തി. 20 വയസുള്ളപ്പോൾ 30 കടക്കുമ്പോഴേക്കും ഒരു സീനിയർ എച്ച്ആർ ഓഫീസറാകുക എന്ന ലക്ഷ്യം അവൾ തനിക്കായി സെറ്റ് ചെയ്തു. എന്നാൽ 26-ാം വയസിൽ തന്നെ അവൾ ലക്ഷ്യത്തിലെത്തി.

സുഹൃത്തുക്കൾ വസ്ത്രങ്ങൾക്കും ക്ലബ്ബുകളിലും പണം ചിലവഴിക്കുമ്പോൾ അവൾ കഠിനാധ്വാനം ചെയ്യുകയയായിരുന്നു.അതേ വർഷം തന്നെ അവൾ തൻ്റെ ആദ്യത്തെ വീട് വാങ്ങി ലണ്ടനിൽ നിന്ന് എസെക്സിലേക്ക് താമസം മാറി.

പത്തുവർഷത്തെ എച്ച്ആർ സേവനത്തിന് ശേഷം അവൾ സ്വന്തം പ്രോപ്പർട്ടി ബിസിനസിന് തുടക്കം കുറിച്ചു. തൻ്റെ ബിസിനസ്സിൻ്റെ ആദ്യ വർഷത്തിൽ, വാടക വരുമാനത്തിൽ നിന്ന് മാത്രം മെലിസ 172,000 പൗണ്ട് നേട്ടമുണ്ടാക്കി. പൂജ്യത്തിൽ നിന്നും തുടങ്ങിയ അവൾക്ക് ഇന്ന് കോടികളുടെ വിറ്റുവരവുണ്ട്.

പിന്നിട്ട വഴികളിൽ താൻ ധാരാളം പാഠങ്ങൾ പഠിച്ചെങ്കിലും ഒരാളിൽ മാറ്റമുണ്ടാകേണ്ട ഏറ്റവും പ്രാധാന കാര്യം അയാളുടെ ചിന്താഗതിയാണെന്ന് ഈ 33-കാരി പറയുന്നു. നിരാശയിൽ മാത്രം മുങ്ങിയിരുന്നാൽ ശുഭമായ മാറ്റങ്ങൾ ഒരിക്കലും ജീവിതത്തിൽ ഉണ്ടാകില്ലെന്നും അവർ പറയുന്നു.

അന്നത്തെ കൗമാരക്കാരിയോട് മെലിസയ്ക്ക് ഇന്ന് പരിഭവമില്ല. ഒരുപക്ഷെ, മറ്റുള്ളവരെ അനുകരിച്ച് ലോകത്തിന്റെ നിയമങ്ങൾ മാത്രം നോക്കി ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും താൻ ഇന്നത്തെ വ്യക്തിയായിരിക്കില്ലെന്ന് അവൾ പറയുന്നു.

Story highlights: Woman Expelled from School at 15 is a Millionaire Today