മെറ്റയും ട്രൂകോളറും കടന്ന് പ്രഗ്യ മിശ്ര; ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി

April 24, 2024

ഡിജിറ്റല്‍ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഓപ്പണ്‍ എഐ സൃഷ്ടിച്ച ചാറ്റ് ജിപിടി. സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട വിപ്ലവകരമായ മാറ്റവുമായിട്ടാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ ചാറ്റ് ജിപിടി അവതരിപ്പിച്ചത്. സാങ്കേതിക വിദ്യയില്‍ വലിയ കുതിപ്പ് നടത്തുന്ന ഓപ്പണ്‍ എഐ ഇന്ത്യയിലെ അവരുടെ ആദ്യ ജീവനക്കാരിയെ നിയമിച്ചിരിക്കുകയാണ്. ആഗോള ടെക് ഭീമന്‍മാരായ ട്രൂകോളര്‍, മെറ്റ എന്നി കമ്പനകളുടെ ഭാഗമായിരുന്ന പ്രഗ്യ മിശ്രയെയാണ് ഇന്ത്യയില്‍ ജീവനക്കാരിയായി നിയമിച്ചിട്ടുള്ളത്. ( OpenAI hires Pragya Misra as first employee in India )

ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്നര്‍ഷിപ്പ് മേധാവിയായാണ് ഓപ്പണ്‍ എഐ പ്രഗ്യയെ നിയമിച്ചിട്ടുള്ളത്. ഇനി മുതല്‍ ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രഗ്യയാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രൂകോളറില്‍ പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ ചുമതല നിര്‍വഹിച്ചിരുന്ന പ്രഗ്യ വിവിധ മന്ത്രാലയങ്ങള്‍, നിക്ഷേപകര്‍, മാധ്യമ പങ്കാളികള്‍ എന്നിവരുമായി അടുത്ത ബന്ധം വളര്‍ത്തിയെടുത്തിരുന്നു. ട്രൂകോളറില്‍ എത്തുന്നതിന് മുമ്പ് മൂന്ന് വര്‍ഷം മെറ്റയുടെ ഭാഗമായിരുന്ന പ്രഗ്യ വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു.

Read Also : ഇറ്റലിയിൽ കുടുങ്ങി ഇന്ത്യക്കാർ; സുരക്ഷ വകവെയ്ക്കാതെ രക്ഷാദൗത്യത്തിനിറങ്ങിയ വനിത പൈലറ്റ്!

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടി. ശേഷം 2012ലാണ് ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ നേടിയത്. തുടര്‍ന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ കരസ്ഥമാക്കിയത്.

Story highlights : OpenAI hires Pragya Misra as first employee in India