ഇറ്റലിയിൽ കുടുങ്ങി ഇന്ത്യക്കാർ; സുരക്ഷ വകവെയ്ക്കാതെ രക്ഷാദൗത്യത്തിനിറങ്ങിയ വനിത പൈലറ്റ്!

April 24, 2024

ലോകജനതയെ മുഴുവൻ അങ്കലാപ്പിലാക്കാക്കിയ കൊവിഡ് മഹാമാരി അതിജീവനത്തിലുപരി നമ്മൾ മനുഷ്യരെ അനേകം പാഠങ്ങൾ പഠിപ്പിച്ച അനുഭവം കൂടെയായിരുന്നു. മനുഷ്യരായ നാം എത്ര ക്ഷണികർ എന്ന് വരച്ചുകാട്ടുന്നതിനൊപ്പം മനുഷ്യർ പരസ്പരം വിശ്വസിക്കാൻ പഠിച്ച കാലഘട്ടം കൂടെയായിരുന്നു അത്. തങ്ങളെ മറന്നും മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മുന്നണി പോരാളികൾ കരുതലിന്റെയും നിസ്വാർത്ഥതയുടെയും വലിയ സന്ദേശങ്ങൾ ലോകത്തോട് പങ്കുവെച്ചു. അത്തരത്തിൽ നിസ്വാർത്ഥം പ്രവർത്തിച്ച ഒരു വനിതയാണ് ക്യാപ്റ്റൻ സ്വാതി റാവൽ. (First Woman Pilot to Lead a Rescue Mission)

ലോകത്തിന്റെ പല ഭാഗത്തായി നമ്മുടെ രാജ്യത്തുള്ളവർ ഒറ്റപ്പെട്ടുപോയ അവസ്ഥ കൊവിഡ് കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. അങ്ങനെ, റോമിൽ ഒറ്റപ്പെട്ടുപോയ 263 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രക്ഷാദൗത്യം ഏറ്റടുത്തത് ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ. ക്രൂ അംഗങ്ങൾ റെസ്ക്യൂ മിഷൻ ഏൽപ്പിച്ചത് ക്യാപ്റ്റൻ സ്വാതി റാവലിനെയും.

അതെ, ഇറ്റലിയിൽ നിന്ന് 263 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്ന ബോയിംഗ് 777 പറത്തിയ വനിത. രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യ വനിതാ പൈലറ്റ് കൂടെയാണവർ. കൊറോണ വൈറസ് ബാധിച്ച ഒരു രാജ്യത്തേക്ക് വിമാനം പറത്തി, നമ്മുടെ നാട്ടുകാർ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് ഉറപ്പാക്കാൻ സ്വന്തം സുരക്ഷയെ അപകടത്തിലാക്കിയത് അവരാണ്.

തീർത്തും അന്യനായ മറ്റൊരാളുടെ മകനെയോ മകളെയോ ഭാര്യയെയോ ഭർത്താവിനെയോ അമ്മയെയോ അച്ഛനെയോ സഹോദരനെയോ സഹോദരിയെയോ വീട്ടിലേക്ക് കൊണ്ടുവരാൻ സ്വന്തം കുടുംബത്തിന്റെ സുരക്ഷാ പോലും അപകടത്തിലാക്കിയായിരുന്നു അവരുടെ ആ യാത്ര.

Read also: ഓടുന്ന ട്രെയിൻ വീൽസെറ്റിനുള്ളിൽ കുടുങ്ങി ബാലൻ; രക്ഷകനായത് ആർപിഎഫ് കോൺസ്റ്റബിൾ!

പിറ്റേ ദിവസം ഡൽഹിയിൽ നിന്ന് റോമിലേക്കുള്ള ഒരു വിമാനം പറ ത്തണമെന്ന് പറഞ്ഞാണ് ടീമിൽ നിന്ന് സ്വാതിക്ക് വിളി വരുന്നത്. റോമിൽ കുടുങ്ങിയ 263 ഇന്ത്യൻ യാത്രക്കാരെ ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു റെസ്ക്യൂ ഫ്ലൈറ്റ് ആയിരുന്നു അത്. ഉത്തരം നൽകാൻ സ്വാതിക്ക് അഞ്ച് സെക്കൻഡ് സമയം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ മനസ് നിറയെ 5 വയസുള്ള മകനും 18 മാസം പ്രായമുള്ള ഇളയ മകളുമായിരുന്നു. എന്നാൽ ആ 263 ഇന്ത്യക്കാർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ തീവ്രമായി കാത്തിരിക്കുന്നു എന്ന ചിന്ത സ്വാതിയെ പോകാൻ പ്രേരിപ്പിച്ചു.

ഒടുവിൽ ദൗത്യം ഏറ്റെടുക്കാം എന്ന് വാക്ക് നൽകി അടുത്ത ദിവസം മക്കളെ ചുംബിച്ച് നൽകി സ്വാതി എയർപോർട്ടിലേക്ക് തിരിച്ചു. ഫ്ലൈറ്റിനുള്ളിൽ കയറിയപ്പോൾ ഇത് സാധാരണയുള്ള യാത്ര പോലെയല്ലെന്ന് സ്വാതിയും ഒപ്പമുള്ളവരും തിരിച്ചറിഞ്ഞു. 8 മണിക്കൂർ നീണ്ട നിശബ്ദത മാത്രമായിരുന്നു ചുറ്റും. എന്നാൽ യാത്രക്കാരുമായുള്ള മടക്കയാത്ര അന്തരീക്ഷമാകെ മാറ്റി. അങ്ങനെയൊരു മഹാമാരി തങ്ങളെ ബാധിച്ചതായി പോലും അവർക്ക് തോന്നിയില്ല. വിമാനം ലാൻഡ് ചെയ്തയുടൻ യാത്രക്കാർ അവരോട് നന്ദിയറിയിച്ചു. അവരുടെ വാക്കുകളിലെ ആവേശം തന്നെയായിരുന്നു സ്വാതിയുടെ ഉള്ളിലും. തനിക്കൊപ്പം സഞ്ചരിച്ചവരെ പോലെ താനും പ്രിയപ്പെട്ടവരുടെ അടുത്തേക്കാണല്ലോ പോകുന്നത് എന്ന ആകാംഷ.

അന്ന് വീട്ടിലേക്ക് മടങ്ങുന്നത് സാധാരണ മടങ്ങുന്ന പോലെയായിരുന്നില്ല. അമ്മയെ കാണാനും ഉമ്മ വെയ്ക്കാനും കെട്ടിപ്പിടിക്കാനും ഓടിക്കൂടിയ മക്കളെ തൊടാൻ പോലും അടുത്ത 14 ദിവസത്തേക്ക് സ്വാതിക്ക് കഴിഞ്ഞില്ല. ഒളിഞ്ഞും മറഞ്ഞും വട്ടം കൂടിയ കുട്ടികളെ പലപ്പോഴും അവരുടെ ഭർത്താവിന് നിർബന്ധമായി കൂട്ടിക്കൊണ്ട് പോകേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ക്വാറന്റീൻ കഴിഞ്ഞ് കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിമിഷം താൻ നാട്ടിലെത്തിച്ച ഓരോരുത്തരും അനുഭവിച്ച സന്തോഷം എന്താണെന്ന് അവർ തിരിച്ചറിഞ്ഞു. പ്രിയപ്പെട്ടവരെ ചേർത്തുവെയ്ക്കാനാണെങ്കിൽ ഇനിയും എത്ര തവണ വിമാനം പറത്താനും താൻ തയ്യാറാണെന്നും സ്വാതി പറഞ്ഞു. പ്രധാന മന്ത്രിയുൾപ്പെടെ നിരവധി പേരുടെ പ്രശംസയും സ്വാതിയെയും സംഘത്തെയും തേടിയെത്തി. ഒരു പൈലറ്റ് എന്നതിലുപരി സ്വാതി ഒരമ്മ കൂടെയാണ്. അതുകൊണ്ട് തന്നെ അവരുടെ ധീരതയ്ക്കും ത്യാഗത്തിനും മാറ്റ് കൂടുന്നു.

Story highlights: First Woman Pilot to Lead a Rescue Mission