ഓടുന്ന ട്രെയിൻ വീൽസെറ്റിനുള്ളിൽ കുടുങ്ങി ബാലൻ; രക്ഷകനായത് ആർപിഎഫ് കോൺസ്റ്റബിൾ!

April 22, 2024

ഏറെ അപ്രതീക്ഷിതമായാണ് ജീവിതത്തിൽ അപകടങ്ങൾ കടന്നു വരുന്നത്. ഒരു പക്ഷെ ജീവൻ പോലും എടുത്തു കളയുന്ന ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത് നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു ചെറിയ അശ്രദ്ധയാവും. അത്തരത്തിൽ ഏറെ ഭീതി പടർത്തിയ ഒരു അപകടമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. (Boy Trapped between Train Wheelset Rescued Miraculously)

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിൽ നിമിഷങ്ങൾക്കുള്ളിൽ വഴിമാറി പോയത് ചിന്തിക്കുമ്പോൾ പോലും ഏറെ ഭയം ജനിപ്പിക്കുന്ന ഒരു അപകടമാണ്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന ഒരു കൊച്ചുകുട്ടി ഏകദേശം 100 കിലോമീറ്ററോളം ഓടുന്ന ട്രെയിനിന്റെ വീൽസെറ്റുകൾക്കിടയിൽ കുടുങ്ങുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.

ട്രാക്കിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ കളിക്കാനായി കയറിയതാണ് ആൺകുട്ടി. എന്നാൽ കളിയിൽ മുഴുകിപ്പോയ കുട്ടി ട്രെയിൻ നീങ്ങി തുടങ്ങുന്നത് ശ്രദ്ധിക്കാതെ വന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ട്രെയിൻ നീങ്ങിയത് അവൻ അറിഞ്ഞപ്പോഴേക്കും തിരിച്ച് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

കഠിനമായ സാഹചര്യത്തിൽ ഏറെ ദൂരം സഞ്ചരിച്ച കുട്ടി ഒടുവിൽ ഒരു ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് രക്ഷപ്പെട്ടത്. കുട്ടിയെ ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read also: കാന്‍ഡിഡേറ്റ്‌സ് ചെസ് കിരീടം ചൂടി ഇന്ത്യൻ താരം ഡി ഗുകേഷ്; ലോക ചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറനെ നേരിടും

ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടിയെ ആർപിഎഫ് കോൺസ്റ്റബിൾ എങ്ങനെ സഹായിക്കുന്നുവെന്ന് വിഡിയോയിൽ കാണാം. കുട്ടി ഇഴഞ്ഞു അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങുന്നതും മെല്ലെ പുറത്തേക്ക് നടന്നുനീങ്ങുന്നതും കാണാം. സ്വാഭാവികമായും ഏറെ ക്ഷീണിതനായാണ് അവൻ കാണപ്പെടുന്നത്. പിന്നീട് കുട്ടിയെ ഹർദോയിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടി കടന്നു പോയ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നാണ് കാഴ്ചക്കാരുടെ വാക്കുകൾ. മാത്രമല്ല. എത്രയും വേഗം കുട്ടിക്ക് കുടുംബത്തിനൊപ്പം ഒന്നിക്കാൻ സാധിക്കട്ടെ എന്നും ചിലർ കമെന്റുകളിൽ കുറിച്ചിട്ടുണ്ട്. ഒഴിവായ വലിയ അപകടത്തെ ചൊല്ലി ആശ്വസിക്കുന്നതിനൊപ്പം കുട്ടിയെ രക്ഷിച്ച കോൺസ്റ്റബിളിന്റെ സമയോചിതമായ ഇടപെടലിനെ ആളുകൾ പ്രശംസിക്കുന്നുമുണ്ട്.

Story highlights: Boy Trapped between Train Wheelset Rescued Miraculously