ഏഷ്യ കപ്പ്; ഇന്ത്യക്കിന്ന് നിർണായക ദിനം, ആരാധകർ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം വൈകിട്ട്..

September 19, 2018

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ  ഇന്ന്  ഇന്ത്യന്‍ ടീം പാക്കിസ്ഥാനെതിരെ  കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള അങ്കത്തിന് മുമ്പ് കുഞ്ഞന്മാര്‍ക്കെതിരെ കരുത്ത് കാട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച അവസരം ഇന്ത്യ പാഴാക്കാത്ത സാഹചര്യത്തിൽ  ഇന്നത്തെ മത്സരം ഇന്ത്യക്ക് വളരെ നിർണ്ണായകമാണ്.

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. വൈകീട്ട് അഞ്ചിന് ദുബൈ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാകും ഇന്ത്യഇന്ന് കളത്തിലിറങ്ങുക. ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും. ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പാകിസ്ഥാനെതിരെ ടീമിലെത്തിയേക്കും. ഇരുടീമുകളും ആദ്യ മത്സരം ജയിച്ചതിനാല്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ടീമിനെ  നയിക്കുന്നത്. ബാറ്റിങില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. എന്നാല്‍ മനീഷ് പാണ്ഡെയും അമ്പാട്ടി റയാഡുവും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അടുത്ത കാലത്ത് പാണ്ഡെ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 2017 ഡിസംബറിനു ശേഷം താരം വീണ്ടും ഏകദിന ടീമില്‍ ഇടം പിടിച്ചതും ഇതുകൊണ്ടുതന്നെ. ചതുര്‍രാഷ്ട്ര പരമ്പരയില്‍ അടുത്തിടെ മിന്നും പ്രകടനമാണ് പാണ്ഡെ കാഴ്ചവെച്ചത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 306 റണ്‍സ് നേടിയിരുന്നു. എംഎസ് ധോണിയും ദിനേഷ് കാര്‍ത്തികുമാണ് ഏഷ്യാ കപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.