നവ കേരളത്തെ കെട്ടിപ്പടുക്കാൻ ഷേവിങ് സെറ്റുമായി തെരുവിലിറങ്ങി മൂന്ന് പേർ

September 12, 2018

അതിജീവനത്തിന്റെ നാൾവഴികളിലൂടെ കടന്നുപ്പോകുന്ന കേരള ജനതയ്ക്ക് ആശ്വാസത്തിന്റെ പ്രതീകവുമായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. ഇത്തരത്തിൽ നവ കേരളത്തെ പടുത്തുയർത്താൻ സഹായ ഹസ്തവുമായി എത്തുകയാണ് ഒരു കൂട്ടം ബാർബർമാർ. നവ കേരളത്തെ വാർത്തെടുക്കാൻ അതിജീവനത്തിന്റെ കത്രികയുമായി ഇറങ്ങിയ ഇവർക്ക് പ്രശംസയുമായി നിരവധി ആളുകളാണ് എത്തുന്നത്.

എറണാകുളം ജില്ലയിലെ കാക്കനാടാണ് നവകേരളം സൃഷ്ടിക്കാൻ കൈത്തൊഴിലുമായി മൂന്ന് ബാർബറുമാർ  എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ പണം നൽകുമെന്ന് ആലോചിക്കുന്നതിനിടെയാണ് എന്തുകൊണ്ട് സ്വയം തൊഴിൽ ചെയ്തു പണം സമ്പാദിച്ചുകൂടാ എന്ന ആശയം  ഉദിച്ചത്. ഇതേത്തുടർന്ന് കൂത്താട്ടുകുളം സ്വദേശിയായ ഗിരീഷ് രാജൻ സ്വന്തം ചേട്ടനെയും മകനെയും കൂട്ടി ഷേവിങ് സെറ്റും കത്രികയുമായി തെരുവുകളിലേക്ക് ഇറങ്ങുകയായിരുന്നു.

കാക്കനാട് ടൗണിൽ എത്തിയ ഗിരീഷ് മുടി വെട്ടാനും ഷേവ് ചെയ്യാനുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. കണക്ക് പറഞ്ഞ് പണം വാങ്ങാതിരുന്ന ഗിരീഷ് ഇഷ്ടമുള്ള തുക തരാമെന്ന് ആളുകളോട് പറഞ്ഞു. തുടർന്ന് ശേഖരിച്ച ക്യാഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഗിരീഷ് തീരുമാനിച്ചിരിക്കുന്നത്.