ദുരിത കേരളത്തിന് കരുത്ത് പകരാൻ കായിക താരങ്ങളും..

“ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ”.. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. ദുരന്തം നൈതച്ച കേരളത്തിന് സഹായ ഹസ്തവുമായി ലോകം മുഴുവനിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ സഹായിക്കാൻ കൈത്തങ്ങുമായി കായികതാരങ്ങളും എത്തുന്നത്.

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് റീജ്യണല്‍ സ്‌പോര്‍ട്സ് സെന്റര്‍ 10 ലക്ഷം രൂപ സംഭാവന നല്‍കി. കൊച്ചി കടവന്ത്രയില്‍ നടന്ന യോഗത്തില്‍ കായിക താരങ്ങളുടെ സാന്നിധ്യത്തിൽ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയാണ് മന്ത്രി ഇ പി ജയരാജന് തുക കൈമാറിയത്. പ്രളായാനന്തരം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി റീജണല്‍ സ്പോര്‍ട് സെന്റര്‍ അടക്കമുള്ള കൊച്ചിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് കായികതാരങ്ങളെയും കൊച്ചിയിൽ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയ മലയാളികളായ എട്ട് കായിക താരങ്ങളെയാണ് ചടങ്ങില്‍ ആദരിച്ചത്. ദേശീയ ഹോക്കി ടീം ക്യപ്റ്റൻ പി ആര്‍ ശ്രീജേഷ്, അത് ലറ്റ്കളായ ജിന്‍സണ്‍ ജോണ്‍, പി യു ചിത്ര, വി കെ വിസ്മയ, നീന വരക്കില്‍, മുഹമ്മദ് അനസ് യഹിയ, കുഞ്ഞു മുഹമ്മദ്, ജിതിന്‍ ബേബി എന്നിവര്‍ കായിക മന്ത്രിയില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മെഡല്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ചടങ്ങിൽ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.