ആരാധകരെ മുൾമുനയിൽ നിർത്തി ലില്ലി; ട്രെയ്‌ലർ കാണാം

നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം  ‘ലില്ലി’യുടെ പുതിയ ട്രെയ്‌ലർ  പുറത്തുവിട്ടു. ആരാധകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയ്‌ലർ തയാറാക്കിയിരിക്കുന്നത്. പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തിയ  സംയുക്ത മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ , ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും  മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകന്‍ പ്രശോഭും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

ഒരു ഷോക്കിംഗ് ത്രില്ലര്‍ എന്ന നിലയില്‍ വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം ഇതൊരു കുടുംബചിത്രം കൂടിയാണ്. ഇന്ന് സമൂഹത്തില്‍ എവിടെയും നടക്കാവുന്ന ഒരു പ്രമേയമാണ് ലില്ലി  എന്ന ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഈ ഫോർ എക്സ്പിരിമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്തയും സി വി ശാരദിയും ചേർന്നാണ്.

ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയിൽ  വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും