മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ ഇനി സ്റ്റൈൽ മന്നനൊപ്പം…

സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അരങ്ങേട്ടം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ. ‘കമ്മട്ടിപ്പാടം’  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമാ മേഖലയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മണികണ്ഠൻ.

തമിഴ് മന്നൻ രജനീകാന്ത് പ്രധാന കഥാപാത്രമായി എത്തുന്ന പേട്ട എന്ന ചിത്രത്തിലാണ് മണികണ്ഠൻ എത്തുന്നത്. രജനീകാന്തിന്റെ 165- മത്തെ ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സിമ്രാനാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകൾക്കും മറ്റും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയാണ് മണികണ്ഠന്റെതായി പുറത്തിറങ്ങാനുള്ള മലയാള ചലച്ചിത്രം. പേട്ടയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലക്‌നൗവിൽ എത്തിയ താരം വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിൽ നിരവധി ആരാധകരുള്ള ബാലേട്ടൻ തന്റെ മികച്ച അഭിനയത്തിലൂടെ തമിഴകത്തുനിന്നും നിരവധി ആരാധകരെ സൃഷ്ടിക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.