പ്രണയാര്‍ദ്രമായി ‘മന്ദാര’ത്തിലെ പുതിയ ഗാനം; വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരം ആസിഫ് അലി നായകനായെത്തുന്ന ‘മന്ദാരം’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട് മന്ദാരത്തിലെ പുതിയ പ്രണയ ഗാനത്തിന്. വിജീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.

മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാജിക് മൗണ്ടന്‍സ് സിനാമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും. പ്രണയം നായകന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്.

ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി പ്രാവു’പോലെ പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്ന ഒരു പ്രണയചിത്രമായിരിക്കുംമന്ദാരമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു.