തന്ത്രങ്ങളില്‍ വീണ്ടും കേമനായി ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

September 22, 2018

കൃത്യസമയത്ത് തന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വേറെ ലെവലാണ്. ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ പോരാടുമ്പോള്‍ ധോണി സ്വീകരിച്ച ഒരു തന്ത്രപരമായ ഇടപെടലാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. ധോണിയുടെ ഇടപെടല്‍ ഫലം കണ്ടു. ഈ തന്ത്രത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

സൂപ്പര്‍ ഫോറില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പത്താം ഓവറിലായിരുന്നു ധോണിയുടെ നിര്‍ണ്ണായക ഇടപെടല്‍. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിങ് ചെയ്യുന്ന സമയം. നായകസ്ഥാനത്തു നിന്നു മാറിയെങ്കിലും ധോണിയുടെ പരിചയ സമ്പത്ത് ടീമിന് പലപ്പോഴും മുതല്‍കൂട്ടാകാറുണ്ട്. ഷാക്കിബ് അല്‍ ഹസനെ പുറത്താക്കുന്നതിന് ധോണി നിര്‍ദ്ദേശിച്ച തന്ത്രപരമായ ഫീല്‍ഡിങ് മാറ്റമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രവീന്ദ്ര ജഡേജയായിരുന്നു ബൗളിങ് സ്ഥാനത്ത്. തുടര്‍ച്ചയായി രണ്ട് ഫോറുകള്‍ അടിച്ചെടുത്ത ഷാക്കിബിന്റെ നയം ധോണി മനസിലാക്കി. ഉടന്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സമീപത്തെത്തി ധോണി ഒരു ഫീല്‍ഡിങ് മാറ്റം നിര്‍ദ്ദേശിക്കുന്നു. ധോണി നിര്‍ദ്ദേശിച്ചതു പ്രകാരം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്ന ശിഖര്‍ ധവാനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഷോര്‍ട്ട് ലെഗിലേക്ക് മാറ്റി. ധോണിയുടെ തന്ത്രം ഫലം കണ്ടു. ാക്കിബ് തൊടുത്തു വിട്ട പന്ത് ദാ, കിടക്കുന്നു ധവാന്റെ കൈക്കുമ്പിളില്‍.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 173 റണ്‍സ് എടുത്ത് പുറത്തായി. 36.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ബാറ്റിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൂടുതല്‍ മികവ് പുലര്‍ത്തി. 83 റണ്‍സ് നേടിയ രോഹിത് പുറത്താകാതെ നിന്നു. 47 ബോളില്‍ 40 റണ്‍സ് അടിച്ച് ശിഖര്‍ധവാനും നന്നായി കളിച്ചു. മൂന്നാമതായി ബാറ്റിങിനിറങ്ങിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി 37 പന്തില്‍ 33 റണ്‍സും അടിച്ചെടുത്തു.


 

കളിയില്‍ എടുത്തു പറയേണ്ടത് ഒരു വര്‍ഷത്തിനു ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനം തന്നെയാണ്. പത്ത് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ജസ്പ്രീത് ബുംറ 37 റണ്‍സിന് മൂന്നു വിക്കറ്റുമെടുത്തു.

49.1 ഓവറില്‍ ബംഗ്ലാദേശ് പുറത്തായി. പാകിസ്ഥാനെതിരെ നടത്തിയ ബൗളിങിലെ മിന്നലാക്രമണം തന്നെയാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ നടത്തിയത്. അവസാനമായി കളിക്കാനിറങ്ങിയ മെഹിദി ഹസ്സന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 42 രണ്‍സാണ് താരം സ്വന്തമാക്കിയത്.