‘ചെസ് ബോർഡിൽ പൂവണിഞ്ഞ പ്രണയം’..ഒളിമ്പ്യാട് വേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ഇന്ത്യക്കാരൻ, വൈറൽ വീഡിയോ കാണാം

അതിർത്തികളില്ലാത്ത പ്രണയത്തിന്റെ പുതിയ മാതൃകകളാവുകയാണ് കൊളംബിയൻ ചെസ്സ് താരം ആഞ്ചലയും ഇന്ത്യൻ സ്പോർട്സ് ജേർണലിസ്റ്റായ നിക്ലേഷ്  ജെയിനും… ജോർജിയയിലെ ചെസ് ഒളിമ്പ്യാട് വേദി മത്സരങ്ങൾക്ക് മുന്നോടിയായി മറ്റൊരു അസുലഭ നിമിഷത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. കൊളംബിയ- ചൈന മത്സരങ്ങൾക്ക് തൊട്ടു മുന്നോടിയായി  ആഞ്ചലയ്ക്ക് മുന്നിൽ വിവാഹാഭ്യർത്ഥന നടത്തിയ നിക്ലേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരം.

മത്സരത്തിന് തൊട്ടുമുൻപ് വളരെ നാടകീയമായി ആഞ്ചലയുടെ മുന്നിൽ മുട്ടിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തിയ നിക്ലേഷിനെ കണ്ട് സഹ താരങ്ങളും ആഞ്ചലയും ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് കൈയ്യടിച്ച് ഇരുവർക്കും വിവാഹാശംസകൾ നേരുകയായിരുന്നു സഹ പവർത്തകർ.  ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നുവെങ്കിലും സർപ്രൈസ് വിവാഹാഭ്യർത്ഥനയിൽ ഞെട്ടിയിരിക്കുകയാണ് ആഞ്ചല.

“ഞങ്ങൾ രണ്ടുപേരും ചെസ്സ് താരങ്ങളാണ്. അതുകൊണ്ടു തന്നെ പ്രണയം പറയാൻ മറ്റൊരു വേദിയെക്കാൾ എന്തുകൊണ്ടും മികച്ചത് ചെസ്സ് താരങ്ങളുടെ ക്ഷേത്രമായ ഈ ഒളിമ്പ്യാട് വേദി തന്നെയാണ്” നിക്ലേഷ് പറഞ്ഞു. ഒന്നര വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ഇരുവരുടെയും വീട്ടുകാർക്കും ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണ്.

സ്പാനിഷ് മാത്രമറിയാവുന്ന ആഞ്ചലയും ഹിന്ദിയും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന നിക്ലേഷും തമ്മിൽ ട്രാൻസ്ലേറ്റർ ടൂളുകൾ ഉപയോഗിച്ചാണ് ആദ്യമൊക്കെ പ്രണയം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇരുവരുടെയും സ്നേഹത്തിന് മുന്നിൽ ഭാഷ ഒരു പ്രശ്നമല്ലാതായി മാറുകയായിരുന്നു.