മാന്ത്രിക നീക്കങ്ങളുമായി ലോകചാമ്പ്യനെ വീഴ്ത്തി പ്രഗ്‌നാനന്ദ; റാങ്കിങ്ങിൽ ആനന്ദിനെ മറികടന്ന് ഒന്നാമത്

January 17, 2024

ചെസ് ബോര്‍ഡിന് മുന്നില്‍ മാന്ത്രിക നീക്കങ്ങളുമായി വീണ്ടും ഇന്ത്യയുടെ കൗമാര ചെസ് താരം പ്രഗ്‌നാനന്ദ. നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദ ചരിത്രം കുറിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഡിങ് ലിറനെ പ്രഗ്‌നാനന്ദ തോല്‍പിച്ചത്. ഈ ജയത്തോടെ ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തി. ( Praggnanandhaa beats world champion Ding Liren )

ഈ വര്‍ഷത്തെ ആദ്യ ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റാണിത്. പ്രഗ്‌നാനന്ദയുടെ ചെസ് മാന്ത്രികതയ്ക്ക് മുന്നില്‍ പരിചയ സമ്പന്നനായി ലിറന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പ്രഗ്‌നാനന്ദ വലിയ തോതില്‍ ആധിപത്യം നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ യുവതാരത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ലിറന്‍ മികച്ച രീതിയില്‍ പ്രതിരോധം തീര്‍ത്തതോടെയാണ് മത്സരം ആവേശത്തിന്റെ കൊടുമുടിയേറിയത്. എന്നാല്‍ തുടര്‍നീക്കങ്ങളിലുടെ ലിറനെ സമ്മര്‍ദത്തിലാക്കിയ പ്രഗ്‌നാനന്ദ അവസാനം ജയിച്ചുകയറുകയായിരുന്നു.

ചെസില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യനെ തോല്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്‌നാനന്ദ. നിലവില്‍ 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് പ്രഗ്‌നാനന്ദയ്ക്കുള്ളത്. വിശ്വനാഥന്‍ ആനന്ദിന് 2748. ഇതോടെ 0.3 റേറ്റിങ് നേട്ടത്തോടെയാണ് കൗമാര താരം ഒന്നാമതെത്തിയത്. ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്റിലെ ആദ്യ നാല് റൗണ്ടുകളില്‍ പ്രഗ്‌നാനന്ദയുടെ ആദ്യ വിജയമാണിത്. മറ്റ് റൗണ്ടുകളെല്ലാം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Read Also : മാൾട്ടിക്ക് രണ്ടാം പിറന്നാൾ; ആഘോഷമാക്കി നിക്കും പ്രിയങ്കയും!

ഇത് വളരെ വ്യത്യസ്തമായ ഒരു മത്സരമായിരുന്നു. സമനില നേടാമെന്ന ലക്ഷ്യത്തോടെയാണ് മത്സരത്തിനിറങ്ങിയതെന്നും, എന്നാല്‍ എതിരാളിയുടെ പിഴവുകള്‍ വിജയത്തില്‍ നിര്‍ണായകമായി. ലോകചാമ്പ്യനെ പരാജയപ്പെടുത്തുക എന്നത് എല്ലായ്പ്പോഴും വളരെ സ്‌പെഷ്യലായ കാര്യമാണ്. അവരെ തോല്‍പ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നും മത്സരശേഷം പ്രഗ്‌നാനന്ദ പറഞ്ഞു.

Story highlights : Praggnanandhaa beats world champion Ding Liren