അഞ്ച് വർഷം വേണ്ടി വന്നു ഞങ്ങൾക്കത് ലോകത്തോട് പറയാൻ; പ്രണയം വെളിപ്പെടുത്തി സഞ്ജു

ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു വി സാംസൺ. ക്രിക്കറ്റിലെപ്പോലെത്തന്നെ ജീവിതത്തിലും മികച്ച തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം. അഞ്ചു വർഷമായി തന്റെ പ്രണയത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുകയാണ് സഞ്ജു. തിരുവന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രിയതമ. ഇരുവരുടെയും വിവാഹം ഉറപ്പിച്ചതിനെത്തുടർന്നാണ് തന്റെ പ്രണയം ലോകത്തിന് മുന്നിൽ സഞ്ജു വെളിപ്പെടുത്തിയത്.

അഞ്ച് വര്‍ഷം ഞാനും അവളും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പോലും പങ്കുവെയ്ക്കാന്‍ എനിക്ക് സാധിച്ചില്ല. 2013 ഓഗസ്റ്റ് 22 11:11നാണ് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയക്കുന്നത്. അന്ന് മുതല്‍ ഇന്ന് അഞ്ച് വര്‍ഷം വരെ ഞാന്‍ കാത്തിരുന്നു, അവള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കാന്‍. ഞങ്ങള്‍ക്ക് പ്രണയത്തിലാണെണ് ലോകത്തോട് പറയാന്‍. ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ഒരുമിച്ച് പരസ്യമായി നടന്നിട്ടില്ല. ഇന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നന്ദി പറയുന്നു. അവര്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി. ചാരുവിനൊപ്പം ഒരുപാട് സന്തോഷം തോന്നുന്നു. ഞങ്ങളെ അനുഗ്രഹിക്കണം എന്ന് പറഞ്ഞാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.