പെബിളിന് വേണ്ടി വെജിറ്റേറിയൻ ആയ തമന്ന…

സിനിമയിലെ അഭിനയത്തിനപ്പുറം മൃഗസ്നേഹത്തിലൂടെയും വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരം തമന്ന. തന്റെ പ്രിയപ്പെട്ട വളർത്തുനായക്ക് വേണ്ടി വെജിറ്റേറിയൻ ആയിരിക്കുകയാണ്  തമന്ന. “ഞാനൊരു വലിയ മൃഗസ്നേഹിയാണ് ഒപ്പം ഭക്ഷണ പ്രിയയും, നോൺവെജ് ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നിരുന്നാലും കഴിഞ്ഞ ഒരു മാസം മുമ്പ് നോൺവെജ് ഉപേക്ഷിക്കുക എന്നൊരു തീരുമാനം  തനിക്ക് എടുക്കേണ്ടി വന്നു” തമന്ന പറഞ്ഞു.

”തനിക്ക് ഏറെ പ്രിയപ്പെട്ടവനാണ് വീട്ടിലെ വളർത്തുനായ പെബിൾ, അവന് ഇക്കഴിഞ്ഞിടെയാണ് ഗുരുതരമായ ഒരു അസുഖം ബാധിച്ചത്. തുടർന്ന് ചികിത്സയിൽ ഇരിക്കുന്ന അവനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..പക്ഷെ  നോൺവെജ് ഇല്ലാതെ ഭക്ഷണം കഴിക്കുകയെന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാൽ അവൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ ഭാഗമായി താനിപ്പോൾ പൂർണമായും വെജിറ്റേറിയൻ ആയിരിക്കുകയാണെന്നാണ്’ തമന്ന വെളിപ്പെടുത്തുന്നത്.

“മത്സ്യവും മാംസവും കഴിക്കുന്ന ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് അവ ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം തന്നെയായിരുന്നു. അത് കഴിക്കാൻ പലപ്പോഴും കൊതി തോന്നാറുമുണ്ട്, പക്ഷെ അവയെ മനക്കരുത്തുകൊണ്ട് നേരിടാൻ സാധിക്കും”. അതുകൊണ്ടു തന്നെ താൻ പൂർണമായും നോൺവെജ് ഒഴിവാക്കിയിരിക്കുകയാണെന്നും തമന്ന പറഞ്ഞു. ഇതോടെ വെജിറ്റേറിയൻ ആയ നിരവധി താരനിരകളുടെ ലിസ്‌റ്റിൽ ഇടം നേടിയിരിക്കുകയാണ് തമന്നയും.