‘ഞങ്ങള്‍ സിഗരറ്റ് വലിക്കുന്നവരാരും ഇന്ത്യന്‍ പൗരന്മാരല്ലേ’; ‘തീവണ്ടി’യിലെ ഒരു രംഗം കാണാം

September 29, 2018

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ ‘തീവണ്ടി’ എന്ന ചിത്രം. ചിത്രത്തിലെ ഒരു രംഗം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ബജറ്റ് സീനാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. സിഗരറ്റിന് വില വര്‍ധിപ്പിക്കുന്നതിനെതിരെയുള്ള ബിനീഷിന്റെ പ്രതിഷേധമാണ് ഈ രംഗത്തില്‍. ‘തീവണ്ടി’ എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളിലൊന്നും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ 25 ദിവസം പിന്നിട്ടിരിക്കുകയാണ് താവണ്ടി എന്ന സിനിമ.

തീവണ്ടിയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം സിനിമയുടെ റിലീസിനു മുന്നേ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.