എഡിസണ്‍ തുരുത്തില്‍ വീണ്ടും ‘തീവണ്ടി’ ടീം: ഗോത്രഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു സ്ഥലമുണ്ട് എഡിസണ്‍ തുരുത്ത്. ഇപ്പോഴിതാ എഡിസണ്‍ തുരുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുന്നു. എഡിസണ്‍ തുരുത്തില്‍ ഗോത്രഗാനം പാടി തീവണ്ടിയുടെ വിജയം ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആഹ്ലാദപ്രകടനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡ്രമ്മടിച്ചും തകിലുകൊട്ടിയുമൊക്കെയാണ് ഇവര്‍ ഗോത്രഗാനം പാടുന്നത്. ചെറിയൊരു കുറിപ്പോടുകൂടിയാണ് ഈ വീഡിയോ അണിയറപ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘പുള്ളിനാട്ടുകാരുടെ ഗോത്ര ഗാനം എഡിസണ്‍ തുരുത്തില്‍ നിന്നും ആലപിക്കുന്ന തീവണ്ടിയുടെ അണിയറ പ്രവര്‍ത്തകര്‍… വിശ്രമവേളകള്‍ ആനന്ദകരമാക്കുക’ എന്നാണ് ഗോത്രഗാനത്തിന്റെ വീഡിയോയ്ക്ക് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ കുറിപ്പ്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.