വയസനെന്ന് വിളിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി യുവരാജ് സിംഗ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

വയസനെന്ന് വിളിച്ചവര്‍ക്ക് ഒരു വീഡിയോയിലൂടെ തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ജിമ്മില്‍ പരിശീലനം ചെയ്യുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയതത്. വീഡിയോയ്‌ക്കൊപ്പം ചെറിയൊരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് പവര്‍ ട്രെയിനിഗിന് ഒരുങ്ങിയപ്പോള്‍ എനിക്ക് പ്രായമായെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതുകൊണ്ട് സാധാരണ ട്രെയിനിംഗ് ഒക്കെ മതിയെന്നും. ഇങ്ങനെ തുടങ്ങുന്നതാണ് യുവരാജിന്റെ കുറിപ്പ്.

36 വയസ്സാണ് യുവരാജ് സിങിന്റെ പ്രായം. നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ആരാധാകരുടെ പ്രീയപ്പെട്ട യുവി കാട്ടിയ പ്രകടനം എക്കാലത്തും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായെങ്കിലും കായികപ്രേമികളുടെ ഇടയില്‍ യുവിക്ക് ഒരു അതുല്യ സ്ഥാനം തന്നെയുണ്ട്. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് യുവി. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താനുള്ള പരിശ്രമത്തിലാണ് താരമിപ്പോള്‍.