2019 ഓസ്‌കാര്‍ പ്രദര്‍ശനത്തില്‍ ഇടം നേടി ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’

October 19, 2018

2019 ഓസ്‌കാര്‍ പ്രദര്‍ശനത്തില്‍ ഇടം നേടിയിരിക്കുകയാണ് മലയാള ചലച്ചിത്രം ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’. 2019 ഓസ്‌കറിലേക്ക് പ്രദര്‍ശനമാരംഭിച്ച ഈ വര്‍ഷത്തെ ആദ്യ മുഴുനീള ഇന്ത്യന്‍ സിനിമ എന്ന വിശേഷണം കൂടിയുണ്ട് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ എന്ന ചിത്രത്തിന്. 175 പുതുമുഖങ്ങള്‍ വെള്ളിത്തിരയിലെത്തുന്ന ചിത്രംകൂടിയാണിത്.

നര്‍ത്തകിയും നൃത്ത അധ്യാപികയുമായ മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം’ എന്ന ഡോക്യുമെന്ററിക്ക് ശേഷം ഓസ്‌കാര്‍ പ്രദര്‍ശനത്തില്‍ ഇടം നേടിയ ചിത്രമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’. നോര്‍ത്ത് ഹോളിവുഡിലെ റിജന്‍സി വാലി പ്ലാസ 6 ല്‍ ഒക്ടോബര്‍ പന്ത്രണ്ടിന് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍‘ എന്ന ചിത്രം പ്രദര്‍ശനം ആരംഭിച്ചു.

ബിജു മജീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കെ ഷിബു രാജിന്റേതാണ് തിരക്കഥ. ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

5000 വര്‍ഷം പഴക്കമുള്ള ആയുര്‍വേദം എന്ന പ്രകൃതിദത്ത ചികിത്സ സമ്പ്രദായത്തിനാണ് ചിത്രം ഊന്നല്‍ നല്‍കുന്നത്. ചിത്രത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രളയക്കെടുതിയില്‍ ദിരിതത്തിലായവരുടെ അതിജീവനത്തിനായി വിനിയോഗിക്കുമെന്നു നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.