മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകളുമായി ആ അത്ഭുത പ്രതിഭ…

October 2, 2018

രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണമെത്തി…ശ്രുതികളിലെ താളം പിഴക്കാത്ത ആ കലാകാരനുമുന്നിലേക്ക്… 

സംഗീതത്തിന്റെ ലോകത്ത് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് കൈയൊപ്പ് ചാലിച്ച ആ കലാപ്രതിഭയുടെ വിയോഗം താങ്ങാനാവാതെ കേരളക്കര. വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കാൻ ആ വിരലുകൾ ഇനി ചലിക്കില്ല….

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഫ്ലവേഴ്സ്. നിറഞ്ഞ ചിരിയും വയലിനിലെ  മാന്ത്രികതയുമായി ബാലഭാസ്കർ വേദിയിൽ എത്തിയാൽ സംഗീതത്തിന്റെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് പ്രേക്ഷകരെ എത്തുക്കുമെന്നതിൽ സംശയമില്ല. അകാലത്തിൽ വിടവാങ്ങുന്ന ഈ കലാപ്രതിഭയുടെ മാസ്മരീകമായ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ബാലു ജീവിക്കുമെന്നത് നിസംശയം പറയാം..

കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അപകടത്തിൽ ഏകമകളായ തേജസ്വിനി മരിച്ചിരുന്നു. ആശുപത്രിയിൽ ആയിരുന്ന ബാലുവിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വാർത്ത ഇന്നലെ കേരളക്കരയ്ക്ക് ആശ്വാസം നൽകിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്ന് സംഗീതത്തിനോടും കലയോടും ഈ ലോകത്തോടും തന്റെ പ്രിയതമയോടും യാത്ര പറഞ്ഞ് താരം ഈ ലോകത്ത് നിന്ന് മറയുകയായിരുന്നു…