‘ഇതാണ് റിയൽ ഹീറോ’… മമ്മൂട്ടിയെക്കണ്ട് അമ്പരന്ന് സംവിധായൻ…

October 23, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ‘യാത്ര’. യാത്രയുടെ അവസാനഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് ഹൈദരാബാദിൽ. മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന ‘മധുരരാജാ’ എന്ന മലയാള ചിത്രത്തിന്റെ ഡിസ്കഷനുവേണ്ടി മ്മൂട്ടിയെക്കാണാൻ ഹൈദരാബാദിലെ യാത്രയുടെ സെറ്റിലെത്തിയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വൈശാഖ്.

8000 ലധികം ആളുകളെയാണ് അദ്ദേഹത്തിന് ചുറ്റും കണ്ടത്. ക്യാമറയിൽ പകർത്താൻ കഴിയാത്തവിധമാണ് അദ്ദേഹത്തിന് ചുറ്റും ആളുകൾ നിറഞ്ഞു നിൽക്കുന്നത്. അത്ഭുതകരമാണ് ഈ ആൾക്കൂട്ടമെന്നും, റിയൽ ഹീറോ യാത്ര തുടരുകയാണെന്നും വൈശാഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളില്‍ എത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. അടുത്ത വര്‍ഷമേ ചിത്രം റിലീസ് ചെയ്യൂ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. വൈ.എസ് ആറിന്റെ മകന്‍ ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21. ഇക്കാരണത്താലാണ് റിലീസിങ്ങിന് ഡിസംബര്‍ 21 തിരഞ്ഞെടുത്തത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖരറെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മാഹി വി രാഘവ് ആണ് യാത്രയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.

നേരത്തെ പുറത്തിറങ്ങിയ യാത്രയിലെ ‘സമര ശംഖം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. ചിത്രത്തിന്റെ ടീസറിനും രാജ്യമാകെ ആവേശ വരവേല്‍പാണ് ലഭിച്ചത്.

സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൈദരാബാദില്‍ ആരംഭിച്ച ഷൂട്ടിങ്ങില്‍ മമ്മൂട്ടിയെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്.