മനോഹരമായി പാടി മോഹന്‍ലാല്‍; ഡ്രാമയിലെ പ്രമോ ഗാനം കാണാം

ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഡ്രാമ’. ചിത്രത്തിന്റെ പുതിയ പ്രമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ പാടിയ ഗാനമാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയ്ക്കുവേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ‘പണ്ടാരോ ചൊല്ലീട്ടില്ലേ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തില്‍ ലൊക്കേഷന്‍ കാഴ്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. നവംബര്‍ ഒന്നിന് ‘ഡ്രാമ’ തീയറ്ററുകളിലെത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.