ഇന്ത്യ-വിന്‍ഡീസ് അവസാന മൂന്ന് ഏകദിനത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27, 29, നവംബര്‍ 1 എന്നീ തീയതികളിലാണ് വരുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ വെച്ചുനടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാല്‍ വിശാഖപട്ടണത്തു വെച്ചു നടന്ന രണ്ടാം ഏകദിന മത്സരം സമനിലയിലാണ് കലാശിച്ചത്.

പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയും അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ രണ്ട് ഏകദിനങ്ങളിലും പോരാട്ടത്തിനിറങ്ങിയ മുഹമ്മദ് ഷാമിയെ ടീമില്‍ നിന്നും ഒഴിവാക്കി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയും പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തുന്നതോടെ ബൗളിങില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കും.

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീദ് ബുംമ്ര, കെ എല്‍ രാഹുല്‍ എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന മൂന്ന് ഏകദിനങ്ങളില്‍ പോരാട്ടത്തിനിറങ്ങുക.