പൃത്വി ഷാ വിന്‍ഡീസിനെതിരായ ആദ്യടെസ്റ്റനിറങ്ങുന്നത് മറ്റൊരു റെക്കോര്‍ഡോടെ

Bengaluru: India A batsman Prithvi Shaw celebrates his century during the Second day of the first cricket test match against South Africa A at Chinnaswamy Stadium in Bengaluru on Sunday, Aug 5, 2018.(PTI Photo/Shailendra Bhojak)(PTI8_5_2018_000091B)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് നാളെ കളമൊരുങ്ങും. ആദ്യടെസ്റ്റില്‍തന്നെ ക്രിക്കറ്റിലെ ഇളമുറക്കാരനായ പൃത്വി ഷാ ഇടംപിടിച്ചു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെതന്നെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഒരു ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പൃത്വി നാളെ മത്സരത്തിനിറങ്ങുന്നത്.

പതിനെട്ടുകാരന്‍ പൃത്വി ഷാ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ഓപ്പണര്‍മാരില്‍ ഒരാളാണ്. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന 293-ാമത്തെ താരമാണ് പൃത്വി. ഇതുമാത്രമല്ല പൃത്വിയുടെ റെക്കോര്‍ഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിനു ശേഷം ടെസ്റ്റിനിറങ്ങുന്ന ക്രിക്കറ്റില്‍ കുറഞ്ഞ പരിചയം മാത്രമുള്ള ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് പൃത്വി ഷായ്ക്കുള്ളത്. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയസമ്പത്തുമായിട്ടായിരുന്നു സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയവുമായാണ് പൃത്വി ഷാ ടെസ്റ്റിലെ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

പന്ത്രണ്ട് അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റ് ക്രിക്കറ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. പൃത്വി ഷായ്ക്കു പുറമെ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ പോരാട്ടത്തിനിറങ്ങുക.

ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുലും പൃത്വി ഷായുമാണ് ഓപ്പണര്‍മാര്‍. എന്നാല്‍ സ്പിന്നര്‍മാരുടെയും പേസര്‍മാരുടെയും കാര്യത്തിലുള്ള അന്തിമ തീരുമാനം ടോസിന് മുമ്പ് മാത്രമേ സ്വീകരിക്കൂ. മൂന്ന് പേസര്‍മാരാണ് മത്സരത്തിനിറങ്ങുന്നതെങ്കില്‍ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ കളത്തിലിറങ്ങില്ല. അതേസമയം മൂന്ന് സ്പിന്നര്‍മാരാണെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തിരിക്കും.

ഒക്ടോബര്‍ 12 ന് ഹൈദരബാദില്‍വെച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്.