വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രക്കറ്റിനുവേണ്ടിയുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ഈ മാസം നാലിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. രാജ്‌കോട്ടാണ് മത്സരവേദി. വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് ഏറെ പ്രത്യേകതകളോടെയായിരുന്നു. പുതുമുഖങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കി എന്നതാണ് എടുത്തപറയേണ്ട പ്രത്യേകത.

ആദ്യ ടെസ്റ്റ് മത്സരത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇളമുറക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. പന്ത്രണ്ട് അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റ് ക്രിക്കറ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണിംഗില്‍ തന്നെ പൃത്വി ഷാ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ മയാങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ആദ്യടെസ്റ്റ് മത്സരത്തിനുള്ള ടീമിലില്ല. പൃത്വി ഷായ്ക്കു പുറമെ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ പോരാട്ടത്തിനിറങ്ങുക.

ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുലും പൃത്വി ഷായുമാണ് ഓപ്പണര്‍മാര്‍. എന്നാല്‍ സ്പിന്നര്‍മാരുടെയും പേസര്‍മാരുടെയും കാര്യത്തിലുള്ള അന്തിമ തീരുമാനം ടോസിന് മുമ്പ് മാത്രമേ സ്വീകരിക്കൂ. മൂന്ന് പേസര്‍മാരാണ് മത്സരത്തിനിറങ്ങുന്നതെങ്കില്‍ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ കളത്തിലിറങ്ങില്ല. അതേസമയം മൂന്ന് സ്പിന്നര്‍മാരാണെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തിരിക്കും.

ഒക്ടോബര്‍ 12 ന് ഹൈദരബാദില്‍വെച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്.