‘രാജ്‌കോട്ടിലെ രാജാക്കന്മാരായി ഇന്ത്യ’; വിൻഡീസിനെതിരെ കൂറ്റൻ ജയം..

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം.  രാജ്‌കോട്ടിലെ വച്ചുനടന്ന മത്സരത്തിൽ ഒരിക്കൽ പോലും വിൻഡീസിന് തിളങ്ങാനായില്ല. കളിയുടെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ടീം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ   ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ-649-9, വെസ്റ്റ്ഇന്‍ഡീസ്; 181, 196. മൂന്ന് ദിവസം മാത്രം ആയുസുണ്ടായിരുന്ന ടെസ്റ്റിൽ ഒരിക്കല്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ വിന്‍ഡീസിനായില്ല.

ഫോളോഓണ്‍ വഴങ്ങി ബാറ്റെടുത്ത വിന്‍ഡീസിനെ കുഴക്കിയത് കുല്‍ദീപ് യാദവ് ആയിരുന്നു. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റുമായി കുല്‍ദീപ് തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 83 റണ്‍സെടുത്ത കീരണ്‍ പവല്‍ മാത്രമാണ് പൊരുതി നിന്നത്. 20 റൺസെടുത്ത റോസ്‌റ്റൺ ചേസാണ് വിന്ഡീസിൽ രണ്ടാമത്തെ ഉയർന്ന സ്‌കോറർ. 48.1 ഓവറില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലും വിന്‍ഡീസ് 48 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.

ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞെത്തിയ ആദ്യ കളിയിൽ തന്നെ സെഞ്ച്വറിയുമായി ചരിത്രമെഴുതിയ പൃഥ്വിക്ക് ശേഷം സെഞ്ച്വറി കുറിച്ച് കൊഹ്‌ലിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും മത്സരത്തിൽ നിറഞ്ഞു നിന്നിരുന്നു. മത്സരത്തിൽ 649ന് ഒൻപത് എന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ജഡേജ കളിയിൽ പുറത്താകാതെ 100 റൺസ് കരസ്ഥമാക്കി.  132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.