വിവാഹ ദിവസം അവൾ എത്തി അവന്റെ കല്ലറയ്ക്കരികിലേക്ക്; കണ്ണ് നിറച്ച് ഒരു കല്യാണക്കഥ

പറഞ്ഞുറപ്പിച്ചതുപോലെ വിവാഹ ദിവസം അവൾ എത്തി അവനരികിലേക്ക്. വെളുത്ത വസ്ത്രവും കയ്യിൽ പൂക്കളുമായി തന്റെ പ്രിയപ്പെട്ടവന്റെ കല്ലറയ്ക്കരികിലേക്ക്

വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്ന കർമ്മമാണെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. അത്തരത്തിൽ തന്റെ വിവാഹവും സ്വർഗത്തിൽ നിശ്ചയിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു യുവതിയാണ് ജെസീക്ക. നീണ്ട കാലത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം ജെസീക്കയുടെയും അവളുടെ പ്രിയപ്പെട്ട കെന്റൽ ജെയിംസിന്റെയും വിവാഹം ഇരുകൂട്ടരുടെയും വീട്ടുകാർ സമ്മതിക്കുകയായിരിന്നു.

വീട്ടുകാർ പറഞ്ഞുറപ്പിച്ചത് പ്രകാരം സെപ്റ്റംബർ 29 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. കൊടുക്കാൻ കാത്തുവെച്ച സ്നേഹ ചുംബനങ്ങളും പറയാൻ സൂക്ഷിച്ചുവെച്ച പ്രണയ നിമിഷങ്ങളുമായി ഇരുവരും കാത്തിരുന്നു. പക്ഷേ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അവർക്കിടയിലേക്കും ആ വില്ലൻ കടന്നു വരുകയായിരുന്നു..മരണമെന്ന ആ വില്ലൻ..

അഗ്നി ശമനസേനയിൽ ജോലി ചെയ്തിരുന്ന കെന്റലിനെത്തേടി മരണം എത്തുകയായിരുന്നു. ജോലിക്കിടയിൽ ഉണ്ടായ ഒരു അപകടത്തെത്തുടർന്ന് കെന്റൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. കെന്റലിന്റെ അവിചാരിതമായി ഉണ്ടായ മരണത്തെത്തുടർന്ന് കെന്റലിന്റെ സുഹൃത്തുക്കളും കുടുംബക്കാരും മാനസീകമായി തളർന്നു.

ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടാകുമെന്ന് വാഗ്ദാനം തന്ന തന്റെ പ്രിയപ്പെട്ടവന്റെ വേർപാട് ജെസീക്കയെ വളരെയധികം തളർത്തിക്കളഞ്ഞു. പ്രിയപ്പെട്ടവന്റെ ഓർമ്മകളുമായി അവൾ പിന്നീടുള്ള ദിവസങ്ങൾ തള്ളിനീക്കി. പത്ത് മാസങ്ങൾക്കിപ്പുറം കല്യാണം നിശ്ചയിച്ചുറച്ച ദിവസം ജെസീക്ക വധുവായി അണിഞ്ഞൊരുങ്ങി കെന്റലിന്റെ അരികിലേക്കെത്തി. പ്രിയപ്പെട്ടവന്റെ കല്ലറയിൽ കെന്റൽ ബാക്കി വച്ച യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്‌സ്‌ എന്നിവയെല്ലാം വിവാഹത്തിനായി ഒരുക്കിവെച്ച് അവൾ അവനരികെ എത്തി, നിറകണ്ണുകളോടെ…