നായകനായി വീണ്ടും നീരജ്; ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം..

സഹനടനായി വന്ന് നായകനായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. ദുൽഖർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നീരജ് മാധവ് ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പിക്‌സീറൊ ബാനറിൽ ശ്രീജിത്ത് എസ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്ക്സ് ബിജോയാണ് നിർവഹിക്കുന്നത്.

‘ലവകുശ’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ തുടങ്ങിയ ചിത്രണങ്ങൾക്ക് ശേഷം നീരജ് മാധവ് നായകനാകുന്ന ചിത്രമാണ് ‘ക’. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നീരജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘മാമാങ്കം’, ‘ദി ഫാമിലി മാൻ’ എന്നിവയാണ്.