അറബിക്കടലിന്റെ സിംഹമാകാന്‍ മോഹന്‍ലാല്‍; ‘മരയ്ക്കാറി’ന്റെ ഷൂട്ടിംഗ് ഹൈദരബാദില്‍ ആരംഭിക്കും

മലയാള ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് മരയ്ക്കാര്‍. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. നിരവധി സെറ്റുകളും റാമോജി ഫിലിംസിറ്റിയില്‍ മരയ്ക്കാരുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്നുണ്ട്. ‘ബാഹുബലി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കലാസംവിധായകന്‍ സാബു സിറിളിന്റെ നേതൃത്വത്തിലാണ് ചിത്രത്തിനുവേണ്ടിയുള്ള കപ്പല്‍ ഒരുങ്ങുന്നത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും.ചിത്രത്തില്‍ വലിയ താര നിരയാണ്അണിനിരക്കുന്നത്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ നിന്നും താരനിരകള്‍ ചിത്രത്തില്‍ വേഷമിടും.