മമ്മൂട്ടി ഇനി കുള്ളന്റെ രൂപത്തിൽ; ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

നിരവധി വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മമ്മൂട്ടി പുതിയ രൂപത്തിൽ. ഇത്തവണ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിൽ ആദ്യമായാണ് അദ്ദേഹം കുള്ളന്റെ വേഷത്തിൽ എത്തുന്നത്. സോഹൻ സിനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി ‘ഡബിൾസ്’ എന്ന ചിത്രവും സോഹൻ സീനുലാൽ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ.

‘പുത്തൻ പണം’ എന്ന മമ്മൂട്ടി ചിത്രം ഉൾപ്പെടെ സിനിമകൾക്ക് സംഭാഷണം തയ്യാറാക്കിയിട്ടുള്ള പി വി ഷാജി കുമാറാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. 2019 ൽ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അതേസമയം ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.