അഭിഭാഷകയായി മഞ്ജിമ, ആക്ഷൻ രംഗങ്ങളുമായി ഗൗതം; യുട്യൂബിൽ തരംഗമായ ‘ദേവരാട്ട’ത്തിന്റെ ട്രെയ്‌ലർ കാണാം

October 31, 2018

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് നായികയായി മാറി തെന്നിന്ത്യ മുഴുവനുള്ള ആരാധകരുടെ ഹൃദയം കവർന്നെടുത്ത മഞ്ജിമ മോഹൻ നായികയായി എത്തുന്ന പുതിയ ചിത്രം ദേവരാട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് ട്രെയ്‌ലർ തയാറാക്കിയിരിക്കുന്നത്.

മഞ്ജിമ നായികാവേഷത്തിലെത്തുന്ന തമിഴ് ചിത്രത്തിൽ അഭിഭാഷകയായിട്ടാണ് താരമെത്തുന്നത്. ഗൌതം കാര്‍ത്തിക് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശസ്ത സംവിധായകനായ മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദേവരാട്ടം. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ.ഇ ഗണവേലാണ് നിര്‍മ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശക്തി ശരവണനാണ്.

അതേസമയം കങ്കണ റണാവത് അഭിനയിച്ച് ഇന്ത്യ ഒട്ടാകെ ഏറ്റെടുത്ത ക്വീൻ എന്ന ചിത്രത്തിന്റെ മലയാളം ചിത്രം മഞ്ജിമയുടേതായി ഉടൻ പുറത്തിറങ്ങും. സംസം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സണ്ണി വെയ്‌നാണ്. ചിത്രം തയാറാക്കുന്നത് തെലുങ്കു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ്.

കങ്കണ റണാവത്ത്‌ അവിസ്മരണീയമാക്കിയ ഹിന്ദി ചിത്രം ക്വീന്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി ഉടൻ റിലീസ് ചെയ്യും.  ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രത്തിന്റെ തെലുങ്കു ഭാഷയിൽ നായികയായി എത്തുന്നത് തമന്നയാണ്. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ ‘പാരിസ് പാരിസില്‍’ കാജല്‍ അഗര്‍വാള്‍ ആണ് നായിക.

കന്നടയില്‍ പരുള്‍ യയാദവുമാണ് നായികയായി എത്തുന്നത്. രമേഷ് അരവിന്ദ് ക്വീനിന്റെ തമിഴും കന്നടയും റീമേക്കുകൾ സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം ഒരുക്കുന്നത്. ചിത്രങ്ങള്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഈ ചിത്രങ്ങളും വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.