തമിഴകത്തേക്ക് തിരിച്ചുവരാനൊരുങ്ങി നസ്രിയ; ആദ്യ ചിത്രം തലയ്‌ക്കൊപ്പം..

തമിഴകത്തിന്റെ പ്രിയപ്പെട്ട തല  ബിഗ്ബിയുടെ വേഷത്തിൽ എത്തുന്നുവെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ഇരട്ടി മധുരവുമായി മറ്റൊരു വാർത്ത. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നസ്രിയ ചിത്രത്തിൽ തലയ്‌ക്കൊപ്പം എത്തുന്നുവെന്ന വാർത്തയാണ് മലയാള പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുന്നത്.

മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം  വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്നത് പ്രേക്ഷകർക്ക് ദുഃഖം നൽകിയതായിരുന്നു. എന്നാൽ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയ താരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തലയ്‌ക്കൊപ്പം നസ്രിയ എത്തുന്നുവെന്ന വാർത്ത നസ്രിയ നാസിം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് താരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത് നായകനായി എത്തുന്നത്. അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ പിങ്കിൽ അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

സതുരംഗ വേട്ടൈ, തീരൻ അധിഗാരം ഒന്‍ട്രു എന്നീ സിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. അജിത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ യുവൻ ശങ്കര്‍ രാജയാണ് പുതിയ ചിത്രത്തിന്റെയും സംഗീത സംവിധായകൻ. അജിത്തിനും നസ്രിയയ്ക്കും  പുറമെ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അതേസമയം തലയുടേതായി ഇനി പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം വിശ്വാസമാണ്. വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻതാരയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. പൊങ്കലിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.