‘പുലർനിലാ കസവുമായ്..’ നോൺസെൻസിലെ പുതിയ ഗാനം കാണാം

നവാഗതനായ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന പുതിയ ചിത്രം ‘നോണ്‍സെന്‍സി’ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറും റിനോഷും ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും റിനോഷാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം.

നോണ്‍സെന്‍സിന്റെ രണ്ടാം ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ താരമാണ് റിനോഷ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ എം സി ജിതിനാണ്. ചിത്രത്തിലെ സംഗീത സംവിധായകനും ഗായകനും നായകൻ റിനോഷ് തന്നെയാണ്.

സൈക്കിള്‍ സ്റ്റണ്ടിന്റെ അമ്പരിപ്പിക്കുന്ന രംഗങ്ങളുമായി പുറത്തിറങ്ങിയ നോണ്‍സെന്‍സിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ യുട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബി എം എക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകതയും നോണ്‍സെന്‍സിനെ വ്യത്യസ്തമാക്കുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് നോൺസെൻസ്. ചിത്രത്തിനുവേണ്ടി സൈക്ലിങ് രംഗങ്ങൾ ചെയ്യാൻ മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ നിരവധി ആളുകൾ എത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ മേഖലയിലേക്ക് തിരിച്ചെത്തുന്ന ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.

റിനോഷ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ട് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവർക്കും പുറമെ ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.