‘പതിനെട്ടാം പടി’ കയറാൻ സ്റ്റൈലിഷ് ആയി മമ്മൂട്ടി

മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘പതിനെട്ടാം പടി’ ഉടൻ. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി.  ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.

അതേസമയം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ഉണ്ട’ ഉടൻ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി,  ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ.