ഇത് ഒരു സംവിധായകന് കിട്ടാവുന്ന ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം; പൃഥിരാജിന് ലാലേട്ടന്റെ സര്‍പ്രൈസ്: വീഡിയോ

മലയാളികളുടെ പ്രിയതാരം പൃഥിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധിപേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. താരത്തിന്റെ പിറന്നാളിന് ഒരു തകര്‍പ്പന്‍ സര്‍പ്രൈസ് തന്നെ നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’.

‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ കാഴ്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പ്രിയപ്പെട്ട സംവിധായകന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകരും മോഹന്‍ലാലും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലാണ് ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ പ്രിയ സംവിധായകന് ആശംസകള്‍ നേര്‍ന്നു. പൃഥിരാജിന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികകല്ലായിരിക്കും ‘ലൂസിഫര്‍’ എന്ന ചിത്രമെന്നും ആശംസയ്‌ക്കൊപ്പം മോഹന്‍ലാല്‍ പങ്കുവെച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം വീഡിയോയില്‍ പൃഥ്വിരാജിന് ആശംസകള്‍ നേരുന്നുണ്ട്.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ‘ലൂസിഫറി’ലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.