‘ഇത് ഡയറക്ടർ ഡാ’; കിടിലൻ ലുക്കിൽ പൃഥ്വി, ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്.. ആദ്യ സംവിധാന  സംരംഭത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിക്കുകയിരുന്നു. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന്  പ്രഖ്യാപിക്കപ്പെട്ടതു മുതൽ  വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പൃഥ്വിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്രയും ഗ്ലാമർ ഉള്ള ഒരു ഡയറക്‌ടർ വേറെ ഉണ്ടാവില്ല എന്നുള്ള കമന്റുകളോടെയാണ് ആരാധകർ പൃഥ്വി ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങുമായി താരമിപ്പോൾ ലക്ഷ ദ്വീപിലാണ്.

ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ടാണ് മോഹൻലാലും പൃഥ്വിരാജും  ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫർ’ നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹൻലാലും പൃഥ്വിരാജും ചേർന്ന് ലൂസിഫർ എന്ന ചിത്രം യാഥാർഥ്യമാക്കുമ്പോൾ വാനോളം പ്രതീക്ഷയാണ് ആരാധകരിൽ.

ശ്രീകുമാർ മേനോൻ ചിത്രം .ഒടിയന്റെ’ ഷൂട്ടിങിനിടെയാണ് പൃഥ്വിരാജും മുരളി ഗോപിയും ‘ലൂസിഫറി’ന്റെ  മുഴുവൻ തിരക്കഥയുമായി മോഹൻലാലിനെ കണ്ടത്. തിരക്കഥ കേട്ട മോഹൻലാൽ ചിത്രവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെ ആരാധകർക്കായി ഒരു വിഡിയോ വഴിയാണ് താരങ്ങൾ സന്തോഷ വാർത്ത പങ്കുവെച്ചത്.

‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെട്ടത്. ഈ അത്ഭുത കൂട്ടുകെട്ടിൽ നിന്ന് വിരിയുന്ന മായാജാലം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.