പൃത്വി ഷായ്ക്ക് വിന്‍ഡീസ് ഇതിഹാസത്തോട് സാമ്യമെന്ന് രവി ശാസ്ത്രി

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി ക്രിക്കറ്റ്‌ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് പൃഥി ഷാ. പൃഥി ഷായെ അഭിനന്ദിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മിക്കവരും ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടൂല്‍ക്കറിനോടാണ് പൃഥി ഷായെ സാമ്യപ്പെടുത്തിയത്.

എന്നാല്‍ പൃഥി ഷായ്ക്ക് വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമായി സാമ്യമുണ്ടെന്ന് പ്രസ്ഥാവിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനമാണ് പൃഥി ഷാ കാഴ്ചവെച്ചത്. ഷാ ബാറ്റ് ചെയ്യാനായി നടക്കുമ്പോള്‍ ബ്രയാന്‍ ലാറയെ അനുസ്മരിപ്പിക്കുന്നു എന്നാണ് രവി ശാസ്ത്രിയുടെ നിരീക്ഷണം.

വെസ്റ്റ്ഇന്‍ഡീസിന് എതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 16.1 ഓവറിന് ഇന്ത്യ വിജയം കണ്ടു. 72 റണ്‍സായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വിജയലക്ഷ്യം. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെയാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യയുടെ ഓപ്പണര്‍മാരായ പൃഥി ഷായും കെഎല്‍ രാഹുലും പുറത്താകാതെ നിന്നു.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡായിരുന്നു വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്കുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ട് വിക്കറ്റും എടുത്തു.

വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം. മൂന്നു ദിവസങ്ങള്‍ മാത്രമാണ് രണ്ട് ടെസ്റ്റുകളും നീണ്ടുനിന്നത്.