‘പ്രവചനം സത്യമായി’; പൃഥ്വിഷായെക്കുറിച്ച് അന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞത്..

അരങ്ങേറ്റ മത്സരത്തിൽ അത്ഭുതമായി മാറിയ താരമാണ് പൃഥ്വിഷാ…അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ചരിത്രം കുറിച്ച താരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.. അതേസമയം  ഈ കൗമാര താരത്തിന്റെ വളർച്ച പണ്ടേ പ്രവചിച്ച ഒരു താരമുണ്ട്. അത് മറ്റാരുമല്ല ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ. കുഞ്ഞ് ഷാ ഇന്ത്യൻ ജേഴ്‌സി അണിയുമെന്ന് സച്ചിൻ പത്ത് വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിരുന്നതാണ്. ആ പ്രവചനമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്.

ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് ഷായെകുറിച്ച്  തന്നോട് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞിരുന്നു. ഷാ യുടെ പ്രകടനം കാണാനും ബാറ്റിങ്ങിൽ വേണ്ട നിർദ്ദേശങ്ങൾ നൽകാനും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് താൻ താരത്തെ കാണുകയും അവനൊപ്പം സമയം ചിലവഴിക്കുകയും, ബാറ്റിംഗിൽ ചില നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രകടനം കണ്ട് ഒരിക്കൽ ഷാ ഇന്ത്യക്കായി കളിക്കുമെന്ന് താൻ സുഹൃത്തക്കളോട് പറഞ്ഞിരുന്നുവെന്നും സച്ചിൻ വ്യക്തമാക്കി. ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷായെ ഉള്‍പ്പെടുത്തിയ സമയത്ത് കഴിഞ്ഞ മാസം തന്റെ ആപ്പിലൂടെ ആരാധകരോട് നടത്തിയ സംഭാഷണത്തിലായിരുന്നു സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി പൃഥ്വിഷാ തന്റെ കരുത്ത് തെളിയിച്ചതോടെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം യുവതാരത്തെ നോക്കി കാണുന്നത്. രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 101 പന്തില്‍ നിന്നാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പതിനഞ്ച് ഫോറുകൾ ഉൾപ്പെട്ടതായിരുന്നു ഷായുടെ പ്രകടനം.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വിഷാ.  ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരവുമാണ് പൃഥ്വി.