ബാലഭാസ്‌കറിന് മലയാളം പാട്ടുകൊണ്ട് സംഗീതീര്‍ച്ചനയുമായ് ഇംഗ്ലീഷ് ഗായകന്‍

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്‌കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുന്നു. വയലിന്‍മാന്ത്രികന്‍ ബാലഭാസ്‌കറിന് സംഗീതംകൊണ്ടൊരു അര്‍ച്ചന നടത്തുകയാണ് ഇംഗ്ലീഷ് ഗായകന്‍ സാജ് സാബ്രി.

ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച അദ്ദേഹം ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് ബാലഭാസ്‌കറിനായി പാടിയത്. ബാലഭാസ്‌കറിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഈ ഗാനം സമര്‍പ്പിക്കുന്നു എന്ന മുഖവരയോടെയാണ് സാജ് സാബ്രി ഗാനം ആലപിച്ചത്. താന്‍ ബാലഭാസ്‌കറിന്റെ വലിയ ആരാധകനാണെന്നും നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടാന്‍ സാധിച്ചിട്ടില്ലെന്നും സാജ് സാബ്രി പറഞ്ഞു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ബാലഭാസ്‌കറിനായി സാജ് സാബ്രി അര്‍പ്പിച്ച ഗാനാര്‍ച്ചന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.