ടി10 ക്രിക്കറ്റ് ലീഗ്: രണ്ടാം പതിപ്പിന് നവംബറില്‍ തുടക്കം

October 4, 2018

10 ഓവര്‍ ക്രിക്കറ്റ് ലീഗായ ടി10 ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് നവംബര്‍ 23 മുതല്‍ തുടക്കമാകും. ലോകത്തിലെതന്നെ ആദ്യത്തെ 10 ഓവര്‍ ക്രിക്കറ്റ് ലീഗാണ് ടി10. ഐസിസിയുടെയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും അംഗീകാരവും ഈ ലീഗിന് ലഭിച്ചിട്ടുണ്ട്.

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് മത്സരങ്ങളുടെ വേദി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം ഡിസംബര്‍ രണ്ടിന് അവസാനിക്കും. എട്ട് ടീമുകളാണ് ടി10 ക്രിക്കറ്റ് ലീഗില്‍ പോരാട്ടത്തിനിറങ്ങുക. കേരള കിങ്‌സ്, പഞ്ചാബ് ലെജന്‍ഡ്‌സ്, മറാത്ത അറേബ്യന്‍സ്, ബംഗാള്‍ ടൈഗേഴ്‌സ്, ദ കറാച്ചിയിന്‍സ്, രജ്പുത്സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സ്, പാക്ക്ത്തൂണ്‍സ് എന്നിവയാണ് പോരാട്ടത്തിനിറങ്ങുന്ന ടീമുകള്‍.

2017-ലായിരുന്നു ടി10 ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പ്. നാല് ദിവസങ്ങളുടെ ദൈര്‍ഘ്യം മാത്രമായിരുന്നു ആദ്യ ലീഗിനുണ്ടായിരുന്നത്. ഷാഹിദ് അഫ്രിദി, സേവാഗ്, മക്കല്ലം, ഷെയ്ന്‍ വാട്‌സണ്‍, റഷീദ് ഖാന്‍, ഷുഐബ് മാലിക് തുടങ്ങിയ താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ അണിനിരക്കുന്നുണ്ട്.