ഇന്ത്യക്ക് തകർപ്പൻ ജയം; സെഞ്ച്വറി നേടി കൊഹ്‌ലിയും രോഹിതും..

October 22, 2018

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഗുവാഹത്തിയിൽ തുടക്കമായപ്പോൾ ഇന്ത്യക്ക് തകർപ്പൻ ജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. പരമ്പരയിൽ സെഞ്ചുറികളോടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും.

152 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആറാം തവണയാണ് രോഹിത് ഏകദിനങ്ങളില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ഇതോടെ കൊഹ്‌ലി കരിയറിലെ 36ാമത്തേയും രോഹിത് കരിയറിലെ 20ാമത്തെയും സെഞ്ച്വറിയാണ് കുറിച്ചത്.

107 പന്തില്‍ നിന്ന് 21 ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിങ്‌സ്. 117 പന്തില്‍ നിന്ന് 15 ഫോറും എട്ട് സിക്‌സറും അടക്കമാണ് രോഹിത് 152 റണ്‍സ് നേടിയത്. സിക്‌സറിലൂടെ രോഹിത് വിജയ റണ്‍സ് നേടുമ്പോള്‍ അമ്പാട്ടി റായിഡുവായിരുന്നു(22) അറ്റത്ത്. വിന്‍ഡീസിനായി തോമസ്, ബിഷു എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 322 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഹെറ്റ്മയറിന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കിരണ്‍ പവലിന്റെയും തട്ടുതകര്‍പ്പന്‍ ബാറ്റിങാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 24നാണ് രണ്ടാം ഏകദിനം.