ഫഹദിന്റെ നായികയായി സായി പല്ലവി മലയാളത്തിലേക്ക്; ചിത്രം ഉടൻ

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് സായി പല്ലവി. ഇത്തവണ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ നായികയായാണ് താരമെത്തുന്നത്.  ചിത്രത്തിന്‍റെ സംഭാഷണം തയാറാക്കുന്നത് ഈ മ യൗവിന്‍റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസാണ്. സിനിമയുടെ ചിത്രീകരണം പ്രധാനമായും ഊട്ടിയിലാണ് ചിത്രീകരിക്കുന്നത്.

നിവിന്‍ പോളി നായകനായി എത്തിയ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലെ ‘മലര്‍’ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായി പല്ലവിയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..

2016ല്‍ പുറത്തെത്തിയ സമീര്‍ താഹിര്‍ ചിത്രം ‘കലി’യിൽ  ദുല്‍ഖറിന്റെ നായികയായും താരം മലയാളത്തിൽ നിറഞ്ഞുനിന്നിരുന്നു. ഇതിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് സായ് പല്ലവി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നായികയായാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. അതേസമയം ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.