പ്രണയം പറഞ്ഞ് ഫഹദും നിത്യയും; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് നിത്യ മേനോൻ. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ഇത്തവണ ഫഹദിന്റെ നായികയായാണ് നിത്യ  എത്തുന്നത്. ചിത്രം ഒരു പ്രണയകഥയാണെന്നാണ് സൂചന.

ഫഹദ് ഫാസിലും നിത്യ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ‘ബാംഗ്ളൂർ ഡേയ്സ്’ എന്ന ചിത്രത്തിലാണ് ഇരുവരും മുമ്പ് ഒന്നിച്ചത്. ചിത്രത്തിൽ ഫഹദിന്റെ പഴയ കാമുകിയായാണ് നിത്യ വേഷമിടുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിലെ നദാഷ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നിത്യ മേനോൻ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പുതിയ ചിത്രത്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

‘ഇത് തികച്ചും ഒരു പ്രണയ കഥയാണ്. അടുത്ത വർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിലായി പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഫഹദിനൊപ്പമുള്ള സിനിമ ഞാൻ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെപ്പോലെ മികച്ച ഒരു നടനൊപ്പം അഭിനയിക്കുക എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്’. നിത്യ മേനോൻ പറഞ്ഞു നിർത്തി.

ഫഹദും നിത്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കി കാണുന്നത്.